ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴി കോടികളുടെ തട്ടിപ്പ്; ബിസിനസുകാരന്റെ എട്ടുവർഷത്തെ തടവുശിക്ഷ ശരിവെച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴി 352 നിക്ഷേപകരിൽ നിന്നായി 60 ലക്ഷത്തിലധികം ബഹ്റൈനി ദീനാർ തട്ടിയെടുത്ത പ്രമുഖ ബിസിനസുകാരന്റെ എട്ടുവർഷത്തെ തടവുശിക്ഷ രാജ്യത്തെ പരമോന്നത കോടതി ശരിവെച്ചു. തട്ടിപ്പ് നടത്തിയ 6,831,205 ദീനാർ അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ നിന്നും ആസ്തികളിൽ നിന്നും കണ്ടുകെട്ടണമെന്ന ഉത്തരവും കാസേഷൻ കോടതി നിലനിർത്തി.
എന്നാൽ, ഇരകൾക്ക് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിരുന്ന തുക 6,831,707 ദീനാറിൽ നിന്ന് 3,821,846 ദീനാറായി കോടതി കുറച്ചു. പ്രതി ഇതിനോടകം 2,000,689 ദീനാർ തിരികെ നൽകിയതായി ബഹ്റൈൻ സെൻട്രൽ ബാങ്കിന്റെ (CBB) അന്തിമ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായതിനെ തുടർന്നാണ് ഈ ഇളവ്. പ്രധാന പ്രതിയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും രണ്ട് ബോർഡ് അംഗങ്ങളും നൽകിയ അപ്പീലും കോടതി തള്ളി. അപ്പീൽ നടപടികളുടെ ആദ്യഘട്ടത്തിൽ ഇവരുടെ ഒരു വർഷത്തെ തടവുശിക്ഷ കമ്മ്യൂണിറ്റി സർവീസായി (സാമൂഹിക സേവനം) മാറ്റിയിരുന്നു. 5,000 ദീനാർ പിഴയും കോടതി ശരിവെച്ചു.
അതേസമയം, ഈ മൂന്ന് ഉദ്യോഗസ്ഥരിൽ നിന്ന് 320,000 ദീനാർ കൂടി പിഴ ഈടാക്കണമെന്ന പബ്ലിക് പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. ഫണ്ടുകൾ നിയമപരമായാണ് കമ്പനി അക്കൗണ്ടുകളിൽ പ്രവേശിച്ചതെന്നും ക്ലയന്റുകൾക്ക് മുന്നിൽ അവതരിപ്പിച്ച രീതിയിൽ തന്നെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയാണ് കോടതി ഈ അപ്പീൽ തള്ളിയത്.
കഴിഞ്ഞ ഡിസംബറിലാണ് പ്ലാറ്റ്ഫോം വഴി നിക്ഷേപം നടത്തിയവരെ കബളിപ്പിച്ചതിനും വ്യാജരേഖ ചമച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും ബഹ്റൈൻ ബിസിനസുകാരനെ ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മൂന്ന് കമ്പനി ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിൽക്കുകയും ചെയ്തു. തുടർന്നാണ് അപ്പീൽ കോടതി ജയിൽ ശിക്ഷയ്ക്ക് പകരമായി ഇതര ശിക്ഷകൾ വിധിച്ചത്. ഓഡിറ്റ് പരിശോധന നടത്തിയ അക്കൗണ്ടന്റിന് നാല് പ്രതികളും ചേർന്ന് 813 ദീനാർ നൽകാനും കോടതി ഉത്തരവിട്ടു.
2025 ജനുവരിയിൽ സാമ്പത്തിക അന്വേഷണ ദേശീയ കേന്ദ്രത്തിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വ്യാജ ബിസിനസ് ഇടപാടുകൾ കാണിച്ച് നിക്ഷേപകരെ കബളിപ്പിച്ചതായി കേന്ദ്രത്തിന് നേരത്തേ റിപ്പോർട്ട് ലഭിച്ചിരുന്നു. പ്രധാന പ്രതി അക്കൗണ്ടന്റുകൾക്ക് വ്യാജ ചെക്കുകൾ നൽകിയതും വ്യക്തമായ ന്യായീകരണമില്ലാതെ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിച്ചതും അന്വേഷണത്തിൽ കണ്ടെത്തി. വിവിധ കമ്പനികളെ മുൻനിർത്തി ബിസിനസ് വിപുലീകരിക്കാൻ ഫണ്ട് ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. നിക്ഷേപകർ പണം നൽകിയ ശേഷം, സ്വന്തം കടങ്ങളും വായ്പകളും വീട്ടാനാണ് പ്രതി ഈ തുക ഉപയോഗിച്ചത്. പ്രതിയുടെ ആസ്തികൾ മരവിപ്പിക്കുകയും രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
#BahrainNews #FinancialCrime #CrowdfundingScam #4PMNews
dfsadsdsd

