ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് മണ്ണും പാറയും ശേഖരിക്കാൻ ജപ്പാന്റെ ചരിത്ര ദൗത്യം


ഷീബ വിജയൻ


ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് മണ്ണും പാറയും ശേഖരിച്ച് ഭൂമിയിലെത്തിക്കാനുള്ള ചരിത്ര ദൗത്യത്തിന് ജപ്പാൻ തുടക്കമിട്ടു. ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയുടെ (JAXA) മാർട്ടിയൻ മൂൺസ് എക്സ്പ്ലൊറേഷൻ (MMX) പേടകം തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് H3 റോക്കറ്റിലാണ് വിക്ഷേപിച്ചത്. സൗരയൂഥത്തിന്റെ ഉത്ഭവത്തെയും ജീവന്റെ പിറവിയെയും കുറിച്ച് നിർണായക വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ഈ ദൗത്യം.

അടുത്ത വർഷം ഓഗസ്റ്റിൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്ന പേടകം, ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്ന് കുറഞ്ഞത് 10 ഗ്രാം മണ്ണും പാറയും ശേഖരിച്ച് 2031ൽ ഭൂമിയിലേക്ക് മടങ്ങിയെത്താനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 22.5 കിലോമീറ്റർ വ്യാസമുള്ള ഫോബോസിലോ ഡീമോസിലോ ഇതുവരെ ഒരു മനുഷ്യനിർമിത പേടകവും ഇറങ്ങിയിട്ടില്ല. അഞ്ച് ബഹിരാകാശ ഏജൻസികളുടെ സഹകരണത്തോടെയാണ് 578 ദശലക്ഷം ഡോളർ ചെലവുവരുന്ന ഈ ദൗത്യം നടപ്പാക്കുന്നത്.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ ശേഷം ഫ്രഞ്ച്-ജർമൻ റോവറായ ‘ഇഡെഫിക്സ്’ ഫോബോസിന്റെ ഉപരിതലത്തിലേക്ക് അയക്കും. നൂറു ദിവസത്തോളം ഉപരിതലം നിരീക്ഷിച്ച് സാമ്പിൾ ശേഖരണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയ ശേഷം, നാല് കാലുകളുള്ള ലാൻഡർ ഇറങ്ങി രണ്ട് മണിക്കൂറിനുള്ളിൽ സാമ്പിളുകൾ ശേഖരിച്ച് വീണ്ടും ബഹിരാകാശത്തേക്ക് ഉയരും. ഫോബോസും ഡീമോസും എങ്ങനെ രൂപപ്പെട്ടുവെന്ന ശാസ്ത്രലോകത്തിന്റെ സംശയങ്ങൾക്ക് ഈ ദൗത്യം ഉത്തരം നൽകുമെന്നാണ് കരുതുന്നത്. ചൊവ്വയിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നതിൽ അമേരിക്കയും ചൈനയും മത്സരത്തിലുള്ളതിനിടയിലാണ് ജപ്പാന്റെ ഈ സുപ്രധാന ചുവടുവെപ്പ്.

article-image

sxcxsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed