ഒമാനിൽ ശിക്ഷാനിയമം പരിഷ്കരിച്ചു
മസ്കറ്റ് : ശിക്ഷാനിയമം പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് ഒമാൻ സുൽത്താൻ പുറത്തിറക്കി. ഗസറ്റിൽ ഉത്തരവ് പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിൽപ്പന നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പത്ത് വർഷം വരെ തടവ് ശിക്ഷ, (കേടായ ഭക്ഷണം കഴിച്ച് ആരെങ്കിലും മരണപ്പെട്ടാൽ ശിക്ഷ 15 വർഷമായി ഉയരും.)
ആരെയെങ്കിലും തടഞ്ഞുവെക്കുകയോ നിയമത്തിന് വിരുദ്ധമായ ഏതെങ്കിലും രീതിയിൽ വ്യക്തിയുടെ അവകാശങ്ങൾ ഹനിക്കുകയോ ചെയ്തതായി തെളിയുന്ന കേസുകളിൽ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ്, രാജ്യത്തിന്റെ അഭിമാനത്തെ ഹനിക്കുന്നതോ സാന്പത്തിക മേഖലയുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്നതോ ആയ തെറ്റായ വാർത്തകളോ ഊഹാപോഹങ്ങളോ ബോധപൂർവ്വം പ്രചരിപ്പിക്കുന്നവർക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ്, ഔദ്യോഗിക ജോലിയ്ക്കിടെ സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവർക്ക് വധശിക്ഷ, ഇസ്ലാമിനെയോ ഖുർആനെയോ പ്രവാചകന്മാരെയോ അല്ലെങ്കിൽ മറ്റ് ദൈവിക മതങ്ങളെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മുതൽ പത്തുവർഷം വരെ തടവുശിക്ഷ, സർക്കാർ, സ്വകാര്യ ഫണ്ടുകളിൽ തിരിമറി നടത്തുന്ന സർക്കാർ ജീവനക്കാർക്ക് മൂന്ന് മുതൽ അഞ്ചുവർഷം വരെ തടവ്, ആംബുലൻസിന്റെയൊ പൊതുസുരക്ഷാ വാഹനങ്ങളുടെയോ സുഗമമായ ഗതാഗതം ബോധപൂർവ്വം തടസപ്പെടുത്തന്നവർക്ക് തടവ് ശിക്ഷ, ശത്രുക്കൾക്ക് രാജ്യത്തിന് അകത്തേക്ക് കടക്കാൻ സൗകര്യമൊരുക്കുകയോ വിവരങ്ങൾ കൈമാറി സൗകര്യമൊരുക്കുയോ ചെയ്യുന്നവർക്ക് കുറ്റം തെളിഞ്ഞാൽ വധശിക്ഷ എന്നിങ്ങനെയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

