ഇന്ത്യയും സൗദിയും ഹജ്ജ് കരാറിൽ ഒപ്പുവെച്ചു : കരിപ്പൂർ ഈ വർഷവും ഇല്ല
റിയാദ് : ഈ വർഷത്തെ വിശുദ്ധ ഹജ്ജ് സംബന്ധിച്ച കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. മക്കയിലെ ആസ്ഥാനത്ത് ഞായറാഴ്ച നടന്ന ചടങ്ങിൽ ആതിഥേയ രാജ്യമായ സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ്−-ഉംറ വകുപ്പ് മന്ത്രി മുഹമ്മദ് സാലിഹ് ബെൻന്തനും കരാറിൽ ഒപ്പുവെച്ചു. കരിപ്പൂർ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഇന്ത്യൻ സിവിൽ വ്യോമയാന മന്ത്രാലയമാണെന്ന് കേന്ദ്രമന്ത്രി നഖ്വി ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാർ അതാത് സംസ്ഥാനത്തിന് അനുവദിച്ച വിമാനത്താവളത്തിൽ നിന്ന് തന്നെ പുറപ്പെടണമെന്നില്ലെന്നും രാജ്യത്തെ ഏതു ഹജ്ജ് എംബാർക്കേഷനും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കുന്നതിന് 3,60,000 അപേക്ഷയാണ് ലഭിച്ചിട്ടുള്ളതെന്നും സൗദി അനുവദിച്ച ക്വാട്ട ഈ വർഷവും 1,70,025 ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിൽ 1,25,025 ഹാജിമാരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന പുണ്യനാട്ടിലെത്തുക. 45,000 പേർ സ്വകാര്യ സംഘങ്ങൾ മുഖേനെയും വിശുദ്ധ കർമം നിർവ്വഹിക്കും. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉയർത്തണമെന്ന് സൗദി ഹജ്ജ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ടെന്നും അക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് സൗദി മന്ത്രി വ്യക്തമാക്കിയതായും നഖ്വി അറിയിച്ചു.
ഹാജിമാരുടെ എമിഗ്രേഷൻ നടപടികൾ യാത്ര പുറപ്പെടുന്നതിന് മുന്പായി ഇന്ത്യയിലെ വിമാനത്താവളത്തിൽ വച്ച് തന്നെ പൂർത്തിയാക്കുന്നതിന് സൗദി സർക്കാർ നടപടി ഏർപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും നഖ്വി പറഞ്ഞു. കഴിഞ്ഞവർഷം ഈ രീതി മലേഷ്യയിൽ നിന്നുള്ള തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരുന്നു.
ഹജ്ജ് നടപടികൾ ഈ വർഷം പൂർണമായി ഡിജിറ്റൽ ആക്കിയിട്ടുണ്ടെന്നും ഇത് സൗദി അധികൃതരുടെ വലിയ മതിപ്പിന് ഇടയാക്കിയതായും നഖ്വി വിവരിച്ചു. ഹജ്ജ് പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നിർവ്വഹിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി വിവരിച്ചു.
അതേസമയം, രണ്ടു ദശകമായി മുടങ്ങികിടന്നിരുന്ന കപ്പൽ സർവ്വീസ് ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി ആരംഭിക്കുന്നതിനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ഊർജ്ജിതമാക്കിയതായി മന്ത്രി മുഖ്താർ നഖ്വി പറഞ്ഞു. ഇതിനുള്ള അനുമതി സൗദി അറേബ്യ ഇന്ത്യയ്ക്ക് നൽകിയതായി അദ്ദേഹം അറിയിച്ചു.
കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയത്തിന്റെ ഭാഗമാണ് ഹജ്ജ് കപ്പൽ സർവ്വീസ്. ഹജ്ജ് സബ്സിഡി നിർത്തലാക്കിയ പശ്ചാത്തലത്തിലാണ് കപ്പൽ സർവ്വീസുകൾ പുനഃരാരംഭിക്കുന്ന കാര്യം സജീവമായത്. സുപ്രീം കോടതി 2012ൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹജ്ജ് തീർത്ഥാടകരുടെ യാത്രാ ചെലവ് കുറക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാർ പരിഗണിച്ചു തുടങ്ങിയത്. ഇതിൽ, പക്ഷെ, വിമാന സർവ്വീസുകൾക്ക് വേണ്ടി രാജ്യാന്തര ടെണ്ടറിലൂടെ തീർത്ഥാടകർക്ക് മത്സരാധിഷ്ഠിതനിരക്ക് മെച്ചം സാധ്യമാക്കുന്നത് സംബന്ധിച്ച് ഇന്ത്യ ഗവൺമെന്റ് തികഞ്ഞ മൗനം പാലിക്കുകയാണ്.

