യു.എ.ഇയിൽ ലൈസൻസില്ലാതെ വാഹനമോടിച്ചവർ മൂലം റോഡിൽ പൊലിഞ്ഞത് പതിനൊന്ന് ജീവനുകൾ
അബുദാബി : രാജ്യത്ത് ഡ്രൈവിംങ് ലൈസൻസില്ലാതെ വാഹനമോടിച്ചവർ ഉണ്ടാക്കിയ അപകടങ്ങളിൽ പൊലിഞ്ഞത് പതിനൊന്ന് ജീവനുകൾ. കഴിഞ്ഞ ആറ് മാസത്തെ കണക്കാണിത്. ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ പരാമർശിക്കുന്നത്.
രാജ്യത്തെ പരിഷ്‌ക്കരിച്ച ഗതാഗത നിയമത്തിൽ ഡ്രൈവിംങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു മാസം തടവോ അയ്യായിരം രൂപ പിഴയോ നൽകണം. ഇതിന് പുറമെ ലൈസൻസിൽ സൂചിപ്പിച്ചിട്ടുളള വാഹനങ്ങൾക്ക് പകരം മറ്റ് ഭാരവാഹനങ്ങൾ ഓടിക്കുന്നവരും ഇതേ പിഴയാണ് നൽകേണ്ടത്.
നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ മെക്കാനിക് വാഹനങ്ങൾ നിരത്തിൽ ഇറക്കണമെങ്കിൽ അതാത് ഗതാഗതവകുപ്പുകൾ നൽകിയ പ്രത്യേക പെർമിറ്റുകൾ വാഹനമോടിക്കുന്നവർക്ക് ഉണ്ടായിരിക്കണം. ഇതിൽ വീഴ്ച വരുത്തിയാലും തടവും പിഴയും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

