സന വിമാനത്താവളം തുറക്കാൻ സന്നദ്ധമെന്ന് സൗദി സഖ്യസേന
റിയാദ് : യെമനിലെ സന വിമാനത്താവളം വീണ്ടും തുറക്കാൻ ഒരുക്കമാണെന്ന് സൗദി സഖ്യസേന. വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സൗദി സഖ്യസേന വ്യക്തമാക്കി. ഒരു വർഷം മുന്പാണ് വിമാനത്താവളം അടച്ചത്. ഹൂതികൾ യെമനിലേക്ക് ആയുധം കടത്തുന്നത് തടയുന്നതിന്റെ ഭാഗമായായിരുന്നു സഖ്യസേന വിമാനത്താവളം അടച്ചത്. ഹൂതികൾ ആയുധം കടത്താൻ സാധ്യതയുള്ളതിനാൽ യെമൻ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സന വിമാനത്താവളത്തിലേക്ക് റിലീഫ് വസ്തുക്കളുമായി വരുന്ന വിമാനങ്ങൾക്ക് മാത്രം അനുമതി നൽകുന്നത്.
സനയിലേക്ക് സർവ്വീസ് നടത്തുന്ന വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷക്കാണ് പ്രഥമ പരിഗണന. ഇതിനെ യെമൻ ജനതയുടെ ദുരിതവുമായി കൂട്ടിക്കെട്ടരുതെന്നും സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.
യെമൻ സർക്കാരിന് നിയമാനുസൃതമായും നിർഭയമായും പ്രവർത്തിക്കാൻ അവസരം ഒരുക്കണം. ഇതിന് വിമാനത്താവളത്തിന്റെ സുരക്ഷയുടെ മുഴുവൻ നിയന്ത്രണങ്ങളും ഏറ്റെടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുമെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
സന എയർപോർട്ട് അടച്ചതോടെ വാണിജ്യ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് യു.എൻ ഓഫീസ് ഫോർ കോ−ഓർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് സഖ്യസേന ശ്രദ്ധിച്ചിട്ടുണ്ടെന്നും കേണൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
യെമനിലെ സന, ഏദൻ, അൽ ഹുദൈദ, സിയൂൻ, മുകല്ല, സുഖുത്ര എന്നീ എയർപോർട്ടുകളിൽ വിമാനങ്ങളും റിലീഫ് വസ്തുക്കളും സുരക്ഷിതമായി എത്തുന്നത് സഖ്യസേന ഉറപ്പുവരുത്തുന്നുണ്ട്. യു.എൻ രക്ഷാസമിതി പ്രമേയം അനുസരിച്ച് യെമനിലേക്കുള്ള വ്യോമഗതാഗതം ക്രമീകരിക്കുന്നതിന് സൗദിയിലെ ബീശ വിമാനത്താവളം നീക്കിവെച്ചിട്ടുണ്ട്.

