ജി­ദ്ദയിൽ തടവിൽ കഴി­യു­ന്ന മലയാ­ളി­ നഴ്‌സു­മാ­രു­ടെ­ മോ­ചനത്തിന് ഇന്ത്യൻ കോ­ൺ­സു­ലേ­റ്റ് ഇടപെ­ടു­ന്നു­


ജിദ്ദ : വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ അനധികൃതമായി ജോലി നേടിയെടുത്ത കുറ്റത്തിന് ജയിലിൽ  കഴിയുന്ന മലയാളി നഴ്‌സുമാരുടെ മോചനത്തിന്  ജിദ്ദ ഇന്ത്യൻ  കോൺസുലേറ്റ് ഇടപെടുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥപ്രകാരം നഴ്‌സുമാർ സൗദി  കൗൺസിൽ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റിയിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.  

കമ്മീഷൻ നടത്തിയ വിശദമായ പരിശോധനയിൽ പ്രവൃത്തി പരിചയ ‌സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. നാട്ടിൽ നിന്നും ഏജന്റുമാരാണ് ഇവർക്ക് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത്. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇവർ കോട്ടയം പാലാ സ്വദേശിനികളാണ്. 

കോൺസുലർ സംഘം ഒരുമണിക്കൂറോളം തടവിൽ കഴിയുന്ന  നഴ്‌സുമാരുടെ വിഷയത്തിൽ തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. വൈസ് കോൺസൽ ശിവലാൽ മീണ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുഹമ്മദ് ഫൈസൽ എന്നിവരാണ് ആശുപത്രി അധികൃതരുമായി ചർച്ച നടത്തിയത്. 

തടവിലുള്ള രണ്ടു നഴ്‌സുമാരും വിചാരണയുടെ ഭാഗമായി ജിദ്ദ കോടതിയിൽ ഹാജരാകേണ്ടതിനാൽ ജിദ്ദയിലെ ജയിലിലാണിപ്പോഴുള്ളത്. വിചാരണ പൂർത്തിയായാൽ തായിഫ് ജയിലിലേക്ക് മാറ്റും. തടവിലുള്ള ഒരാളുടെ കേസിൽ ആയിരം റിയാൽ പിഴയും ഒരു വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 

സമാനമായ കേസിൽപ്പെട്ട് ഒരു മാസത്തോളം തടവിൽ കഴിഞ്ഞിരുന്ന മറ്റൊരു  മലയാളി നഴ്‌സിന്  ഉപാധികളോടെ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. കേസ് അവസാനിച്ചാൽ മാത്രമേ അവർക്ക് നാട്ടിലേക്ക് പോകാൻ സാധിക്കുകയുള്ളൂ.  അടുത്തയാഴ്ച യോടെ കേസിൽ തീർപ്പ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed