എംബസി ആക്രമണം : അന്വേഷണം നടത്തിയെന്ന ഇറാന്റെ വാദം സൗദി തള്ളി
റിയാദ് : ഇറാനിലെ സൗദി എംബസിക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്തിയെന്ന ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തള്ളി സൗദി അറേബ്യ. ഇറാന്റെ പ്രസ്താവന പൊള്ളത്തരമാണെന്നും പ്രസ്താവനയിൽ സത്യത്തിന്റെ കണിക പോലുമില്ലെന്നും സൗദി അറേബ്യ വ്യക്തമാക്കി. അക്രമികളെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്ന സമീപനമാണ് ഇറാൻ സ്വീകരിക്കുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ടെഹ്റാനിലെ സൗദി എംബസിക്കും മശ്ഹദിലെ കോൺസുലേറ്റിനു നേരെയും ആക്രമണം നടന്നത്. ഖത്തീഫിൽ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശിയാ പണ്ധിതൻ നമിർ ബാഖിർ അൽനമിർ ഉൾപ്പെടെയുളള ഭീകരർക്ക് വധശിക്ഷ നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചാണ് ഇറാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ അഗ്നിക്കിരയാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഇറാനുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ വിച്ഛേദിച്ചത്.
സൗദി നയതന്ത്ര കാര്യാലയങ്ങൾ അക്രമിച്ച സംഭവത്തിന്റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങൾ പരിശോധിക്കുന്നതിനും ഇറാൻ അനുവദിച്ചില്ല. 2016 ഡിസംബർ 25 മുതൽ 29 വരെ സൗദി സംഘം ഇറാനിൽ എത്തുന്നതിനു സന്നദ്ധത ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ അനുവദിച്ചില്ല.
നാല് മാസം പിന്നിട്ട ശേഷം സൗദി സംഘത്തിന്റെ സന്ദർശനത്തിന് പുതിയ സമയം നിശ്ചയിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. 2017 ജൂലൈ 3 അനുയോജ്യമായ ദിവസമാണെന്ന് ഇറാനെ അറിയിച്ചിരുന്നു. എന്നാൽ ഇതേദിവസം സൗദി സംഘത്തെ സ്വീകരിക്കാൻ ഇറാൻ വിസമ്മതിച്ചു. അതിനുശേഷം നയതന്ത്രകാര്യാലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.
തുടർന്നാണ് സൗദി സംഘത്തിന്റെ വിമാനം ഇറാനിൽ ഇറങ്ങാൻ അനുമതി നൽകിയ കാര്യം അറിയിച്ചത്. ഇത് ഈ മാസം ഒന്നിന് ആയിരുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതുകൊണ്ടുതന്നെ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന അസത്യ പ്രചാരണം മാത്രമാണെന്ന് സൗദി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

