വിനോദ സഞ്ചാര -ചരിത്ര നഗരമാകാൻ സൗദി അറേബ്യയിലെ സൂഖ് ഉക്കാദ് ഒരുങ്ങുന്നു
ജിദ്ദ : അറബ് ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷിയായ ഉക്കാദ് ചന്തയെ (സൂഖ് ഉക്കാദ്) വിനോദസഞ്ചാര ചരിത്ര നഗരമാകാൻ ഒരുങ്ങുന്നു. ഇതിനുളള പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയായതായി സൗദി വിനോദ സഞ്ചാര പൈതൃക സംരക്ഷണ വിഭാഗം അറിയിച്ചു. സൽമാൻ രാജാവിന്റെ പൈതൃക പദ്ധതിയുടെ ഭാഗമായാണ് ഇത്. സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ അധ്യക്ഷനായുള്ള ത്വയിഫ് ഉന്നത വികസന സമിതിയുടെ പ്രധാന പദ്ധതിയാണ് സൂഖ് ഉക്കാദ് ചരിത്ര നഗരി.
സാംസ്‌കാരിക കേന്ദ്രം, മ്യൂസിയം, വിനോദകേന്ദ്രം, കോൺഫറൻസ് സെന്റർ, വ്യാപാരകേന്ദ്രം എന്നിവ ഉൾപ്പെടുത്തിയാണ് ചരിത്ര നഗരമൊരുങ്ങുന്നത്. ത്വായിഫ് നഗരത്തിന്റെ പുതിയ വാണിജ്യ കേന്ദ്രവും അവധിക്കാല വിനോദ കേന്ദ്രവുമാക്കി ഉക്കാദ് ചന്തയെ മാറ്റിയെടുക്കും. 800 കോടി റിയാലാണ് ഇതിനായി ചെലവിടുന്നത്. 10 ദശലക്ഷം മീറ്റർ വിസ്തൃതിയിലാണിതിന്റെ നിർമ്‍മാണം. 89 ശതമാനവും സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി ഒരുങ്ങുന്നത്.
ദേശീയ നവീകരണ പദ്ധതിയിൽ 815 ദശലക്ഷം റിയാൽ പദ്ധതിയ്ക്കായി നീക്കി വച്ചിട്ടുണ്ട്. പുതിയ ത്വായിഫ് വിമാനത്താവളം, റിയാദ് −ത്വായിഫ് അതിവേഗപാത എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ, ഉക്കാദ് ദേശീയ പാർക്ക്, സാംസ്‌കാരിക− വിദ്യാഭ്യാസ പദ്ധതി തുടങ്ങിയ ഒട്ടേറെ നിർമ്മാണ പ്രവൃത്തികൾ ഇവിടെ നടക്കുന്നുണ്ട്.

