വിനോദ സഞ്ചാരികൾക്കായി അബുദാബിയിൽ പുതിയ കോടതി
അബുദാബി : വിനോദ സഞ്ചാരികളുടെ കേസുകളിൽ അതിവേഗ വിചാരണയ്ക്കായി അബുദാബിയിൽ പ്രത്യേക കോടതി സ്ഥാപിച്ചു. പൊതുവിചാരണ വകുപ്പിനൊപ്പം ടൂറിസം കോടതിയുടെ പ്രവർത്തനങ്ങൾ വിനോദസഞ്ചാരികൾക്കു വേഗത്തിൽ ലഭ്യമാക്കാനും കേസ് പരിശോധന പൂർത്തിയാക്കാനും ഉദ്ദേശിച്ചാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റിനു കീഴിൽ പുതിയ കോടതി ആരംഭിച്ചതെന്ന് അബുദാബി ജുഡീഷ്യൽ അതോറിറ്റി അറ്റോർണി ജനറൽ കൗൺസലർ അലി മുഹമ്മദ് അൽ ബലൂഷി അറിയിച്ചു.
രാജ്യാന്തര നിലവാരങ്ങൾക്ക് അനുസൃതമായി മികച്ച സേവനം ലഭ്യമാക്കുന്നതിന് അനുയോജ്യരായ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ടൂറിസം പ്രോസിക്യൂഷൻ കോടതി പ്രവർത്തിക്കും. ത്വരിതഗതിയിൽ നീതി നടപ്പാക്കാനും ടൂറിസ്റ്റുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രാധാന്യം നൽകും.
രാജ്യത്തു താമസിക്കുന്ന സമയത്തു ടൂറിസ്റ്റുകൾക്ക് നേരിട്ടേക്കാവുന്ന നിയമപരമായ പ്രശ്‌നങ്ങളുടെ വ്യക്തമായ ഡേറ്റാബേസ് ഉണ്ടാക്കാനും കോടതി മുൻകയ്യെടുക്കും.

