ഇന്ത്യ കേന്ദ്രമായ ബോധി ട്രീയിലേക്ക് 11,300 കോടിയിലേറെ രൂപയുടെ വൻ നിക്ഷേപത്തിനൊരുങ്ങി ഖത്തർ


ഇന്ത്യ കേന്ദ്രമായി ആഗോള മാധ്യമ നിക്ഷേപകരുടെ നേതൃത്വത്തിൽ സ്ഥാപിക്കാൻ പോകുന്ന 'ബോധി ട്രീ'യിലേക്ക് വന്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. ഏതാണ്ട് 11,300 കോടിയിലേറെ രൂപയാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഈ മേഖലയിൽ നിക്ഷേപിക്കാനിരിക്കുന്നത്. ആഗോള മാധ്യമ ഭീമൻ റൂപർട് മർഡോകിന്‍റെ മകനും ലൂപ സിസ്റ്റംസ് സ്ഥാപകനുമായ ജെയിംസ് മർഡോകിന്റെയും, സ്റ്റാർ ഇന്ത്യ മുൻ ചെയർമാന്‍ ഉദയ് ശങ്കറിന്‍റെയും നേതൃത്വത്തിലാണ് 'ബോധി ട്രീ' ആരംഭിക്കുന്നത്. ഇന്ത്യയിലെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും വിപുലമായ വിപണിയെ ലക്ഷ്യം വെച്ചാണ് പുതിയ സംരംഭം. മാധ്യമ, വിദ്യഭ്യാസ, ആരോഗ്യ മേഖലകളിലേക്കുള്ള നിക്ഷേപ പ്ലാറ്റ്ഫോമായണ് ബോധി ട്രീ രൂപകൽപന ചെയ്തിരിക്കുന്നത്. ബോധി ട്രീ എന്ന ആശയത്തെ യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കാനാവുന്നതിൽ അഭിമാനിക്കുന്നതായി ഖത്തർ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി സി.ഇ.ഒ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് പറഞ്ഞു. മാധ്യമ-സാങ്കേതികവിദ്യാ മേഖലയിലെ നിക്ഷേപത്തിലൂടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയുമാണ് പ്രധാന വിപണിയെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ ഭരണ കൂടത്തിനു കീഴിലെ നിക്ഷേപക സ്ഥാപനമാണ് ഖത്തർ ഇൻവെസ്റ്റ്മെന്‍റ് അതോറിറ്റി. രാജ്യാന്തര തലത്തിൽ തന്നെ വൻകിട പദ്ധതികളിലും മറ്റുമായി സജീവ നിക്ഷേപ സാന്നിധ്യം കൂടിയാണ് ക്യൂ.ഐ.എ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed