യുക്രെയ്ൻ അതിർത്തിയിൽ നിന്ന് സേനയെ പിൻവലിച്ച് റഷ്യ

സംഘർഷ ഭീതി നിലനിൽക്കുന്ന യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ഏതാനും സേനാവിഭാഗങ്ങളെ പിൻവലിച്ച് റഷ്യ. ഏതാനും സൈനികരെ പിൻവലിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയൻ അതിർത്തിയിൽ സൈനിക അഭ്യാസപ്രകടനം നടത്തുന്ന ചില സേനാവിഭാഗങ്ങളെ തിരികെ വിളിച്ചു. എന്നാൽ റഷ്യ− ബലാറസ് സൈനിക അഭ്യാസം പോലെയുള്ള സൈനിക ഡ്രിൽ നടന്നുവരികയാണ്− പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാശ്ചാത്യ യുദ്ധ പ്രചാരവേല രാജയപ്പെട്ട ദിവസമായി ചരിത്രത്തിൽ ഈ ദിവസം ഇടംപിടിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. ഒരു വെടിയുണ്ടപോലും അയക്കാതെ അവ നശിപ്പിക്കപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒരു ലക്ഷത്തിലധികം റഷ്യൻ സൈനികരാണ് യുക്രെയ്ൻ അതിർത്തിയിൽ തന്പടിച്ചിട്ടുള്ളത്. സൈനിക വിന്യാസം നടത്തിയതിന് ശേഷം, ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് പിന്‍മാറ്റമുണ്ടായിരിക്കുന്നത്.
റഷ്യയുടെ പടിഞ്ഞാറൻ, തെക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്നുള്ള യൂണിറ്റുകളാണ് പിന്‍മാറിയിരിക്കുന്നത്. അതിർത്തിയിൽ നിന്ന സേനയെ പിൻവലിക്കണമെന്ന അമേരിക്കയുടെയും നാറ്റോയുടെയും ആവശ്യം റഷ്യ തള്ളിയിരുന്നു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ റഷ്യ സന്ദർശത്തിനിടെയാണ് സേനാ പിന്മാറ്റം ഉണ്ടായിരിക്കുന്നത്. കീവിൽ യുക്രെയ്ൻ നേതാക്കളുമായി ആശയവിനി മയം നടത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് മോസ്കോയിലും ചർച്ചകൾ നടത്തും. അതിർത്തിയിൽ ഒരുലക്ഷത്തോളം റഷ്യൻ സൈനികരെ വിന്യസിച്ച സാഹചര്യത്തിൽ മോസ്കോയുമായി അടിയന്തരകൂടിക്കാഴ്ച വേണമെന്ന് യുക്രെയ്നും ആവശ്യപ്പെട്ടിട്ടുണ്ട്.