രാഹുലിന്‍റെ ‘വോട്ടർ അധികാർ യാത്ര’ രണ്ടാം ദിവസത്തിലേക്ക് ; ആവേശത്തിൽ ബിഹാർ ജനത

ഷീബ വിജയൻ
റോഹ്ത്തക്ക് (ബിഹാർ) ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും സംയുക്തമായി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ രണ്ടാം ദിവസത്തിലേക്ക്. രാവിലെ കുതുംബയിൽ നിന്ന് യാത്ര പുനരാരംഭിച്ചു. ഔറംഗബാദ്, ദിയോ എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന യാത്ര വൈകിട്ടോടെ ഗുരാരുവിൽ സമാപിക്കും. രാവിലെ ദേവകുണ്ഡിലെ സൂര്യക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് രാഹുൽ യാത്ര ആരംഭിച്ചത്. ബിഹാറിലെ ജനങ്ങളുടെ അളവറ്റ സ്നേഹവും അനുഗ്രഹവും കൊണ്ട് മുന്നോട്ട് പോകുകയാണെന്നും ബിഹാറിൽ 'വോട്ട് മോഷണം' നടത്താനും ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനും അനുവദിക്കില്ലെന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു.
ഞായറാഴ്ച ബിഹാറിലെ സാസാറാമിൽ നിന്ന് മല്ലികാർജുൻ ഖാർഗെയും ലാലു പ്രസാദ് യാദവും ചേർന്നാണ് വോട്ടർ അധികാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. വൻ ജനപങ്കാളിത്തമുണ്ടായിരുന്ന ഇന്നലത്തെ യാത്ര റോഹ്ത്താസിൽ സമാപിച്ചു. 16 ദിവസം കൊണ്ട് 1300 കിലോമീറ്റർ താണ്ടുന്ന വോട്ടർ അധികാർ യാത്ര 24 ജില്ലകളിലൂടെയും 60 നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകും. സാസാറാം, ഔറംഗബാദ്, നളന്ദ, ഗയ, നവാഡ, ജാമുയി, ലഖിസരായ്, ഷേഖ് പുര, മുംഗർ, ഭഗൽപുർ, കാതിഹാർ, പുർണിയ, അരാരിയ, സോപോൾ, മധുബനി, ധർഭംഗ, മുസാഫർപുർ, സീതാമാർഗ്, മോത്തിഹാരി, പശ്ചിമ ചമ്പാരൻ, ഗോപാൽഗഞ്ച്, സിവാൻ, സരൺ, ഭോജ്പുർ എന്നീ ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. സെപ്റ്റംബർ ഒന്നിന് പട്നയിലെ ഗാന്ധി മൈതാനത്ത് ഇൻഡ്യ സഖ്യ നേതാക്കൾ പങ്കെടുക്കുന്ന മഹാറാലിയോടെ പദയാത്ര സമാപിക്കും.
വോട്ടർപട്ടിക തീവ്ര പരിശോധന സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും വോട്ട് കൊള്ളക്കെതിരെ ജനവികാരം ഉണർത്തുന്നതിനും വേണ്ടിയാണ് കോൺഗ്രസ് ‘വോട്ടർ അധികാർ യാത്ര’ സംഘടിപ്പിക്കുന്നത്.
ASDDSDSF