ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണം

ഷീബ വിജയൻ
ദോഹ I വെള്ളിയാഴ്ച ജുമുഅ സമയത്ത് വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാണിജ്യ- വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജുമുഅയുടെ ഒന്നാമത്തെ ബാങ്കു മുതൽ ഒന്നര മണിക്കൂറാണ് സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അതേസമയം, ആശുപത്രികളും ഹോട്ടലുകളുമടക്കം 12 അവശ്യ സർവിസുകളെ തീരുമാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇളവു നൽകപ്പെട്ടവ ഒഴികെയുള്ള വാണിജ്യ, വ്യവസായ, പൊതു സ്ഥാപനങ്ങൾക്കെല്ലാം ഉത്തരവ് ബാധകമാണ്. അടുത്ത വെള്ളിയാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, സ്വകാര്യ ക്ലിനിക്കുകൾ, ഹോട്ടലുകൾ, ഗ്യാസ് സ്റ്റേഷനുകൾ, രാജ്യത്തേക്കുള്ള പ്രവേശന കേന്ദ്രങ്ങളായ വിമാനത്താവളത്തിലും തുറമുഖത്തിലും കരാതിർത്തിയിലും പ്രവർത്തിക്കുന്ന കടകൾ, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, വെള്ളം-വൈദ്യുതി ഉൽപാദന യന്ത്രങ്ങളുടെ നടത്തിപ്പു കേന്ദ്രങ്ങൾ, ബേക്കറികൾ, വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും എയർലൈൻ കമ്പനി ഓഫിസുകൾ, ഷിഫ്റ്റ് സംവിധാനത്തിൽ പൂർണസമയം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, കര-കടൽ-ആകാശമാർഗമുള്ള യാത്രക്കാരുടെ സഞ്ചാരം, ചരക്കുനീക്കം, പൊതുതാൽപര്യാർഥം അധികൃതർ നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയെ ഉത്തരവിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അതോറിറ്റികളും തങ്ങളുടെ അധികാരപരിധിയിൽ തീരുമാനം നടപ്പാക്കണമെന്ന് വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു.
AZXZZ