രോഗബാധിതർ കുറയുന്നു; ഖത്തറിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ പൂട്ടുന്നു
ദോഹ: രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ ക്വാറന്റീൻ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു തുടങ്ങി. രോഗബാധിതരുടെ എണ്ണം കുറയാനും സുഖം പ്രാപിക്കുന്നവരുടെ എണ്ണം വർദ്ധിക്കാനും തുടങ്ങിയതോടെയാണു രാജ്യത്തുടനീളമുള്ള ക്വാറന്റീൻ കേന്ദ്രങ്ങൾ ഒന്നൊന്നായി അടയ്ക്കാൻ തുടങ്ങിയത്. മികച്ച താമസ, പരിശോധനാ സൗകര്യങ്ങളോടെയുള്ള വലിയ കൂടാരങ്ങൾ നിർമിച്ചും ഹോട്ടലുകൾ, വില്ലകൾ, അപാർട്മെന്റുകൾ എന്നിവ വാടകയ്ക്ക് എടുത്തുമാണു ക്വാറന്റീൻ സൗകര്യം ഒരുക്കിയിരുന്നത്.
ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിൽ 7 ചികിത്സാ കേന്ദ്രങ്ങൾ കൂടാതെ പ്രാഥമിക പരിചരണ കോർപറേഷന്റെ കീഴിൽ 4 പരിശോധനാ, ക്വാറന്റീൻ കേന്ദ്രങ്ങളുമാണുള്ളത്. ഇവയിൽ എച്ച്എംസിയുടെ മിസൈദ്, റാസ് ലഫാൻ എന്നിവിടങ്ങളിൽ നിന്നുള്ള അവസാനത്തെ രോഗികളും മടങ്ങിയതോടെ കേന്ദ്രം താൽക്കാലികമായി അടച്ചു. പൂർണമായും സൗജന്യ കോവിഡ് പരിശോധന, ചികിത്സാ, ക്വാറന്റീൻ സംവിധാനങ്ങളാണ് പ്രവാസികൾക്കും സർക്കാർ നൽകി വരുന്നത്.
തൊഴിലിടങ്ങളിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ, സമഗ്ര സമ്പർക്ക പരിശോധനകൾ, കർശന മെഡിക്കൽ പ്രോട്ടക്കോളുകൾ തുടങ്ങി ഫലപ്രദമായ നടപടികളിലൂടെയാണ് സർക്കാർ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കിയത്. നടപടികൾ ഫലപ്രദമായതോടെയാണു പ്രതിദിന രോഗസംഖ്യ 2,000ത്തിൽ നിന്നു 500ലേക്ക് എത്തിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയത്തിനു കഴിഞ്ഞത്. കോവിഡ് അപകട നിർണയ ആപ്ലിക്കേഷൻ ഇഹ്തെറാസ് നിർബന്ധമാക്കിയതും രോഗബാധിതരെ വേഗത്തിൽ കണ്ടെത്തി ക്വാറന്റീനിൽ ആക്കാൻ സഹായകമായി.
നിയന്ത്രണങ്ങളിൽ ഇളവ് നൽകുമ്പോഴും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ നേരത്തെ പരിശോധിച്ച് യഥാസമയം ചികിത്സ തേടണമെന്നുമുള്ള കർശന നിർദേശമാണു മന്ത്രാലയം നൽകിയിരിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി എന്നിവയുടെ കീഴിൽ ദേശീയ സന്നദ്ധ കാംപെയ്നിൽ മലയാളികൾ ഉൾപ്പെടെ 35,000 ത്തിലധികം വൊളന്റീയർമാരാണ് കോവിഡ് സേവന പ്രവർത്തനങ്ങളിൽ സജീവമായത്. 13,000 ത്തോളം നഴ്സുമാരാണു കോവിഡ് രോഗികളെ പരിചരിക്കുന്നതും.

