ആരോഗ്യ പ്രവർത്തകർക്കായി ഖത്തർ സയന്റിഫിക് ക്ലബ്ബിന്റെ പുതിയ ശ്വസന യന്ത്രം
ദോഹ: കോവിഡ്-19 നെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കായി ഖത്തർ സയന്റിഫിക് ക്ലബ് പുതിയ ശ്വസന യന്ത്രം നിർമിച്ചു. പുത്തൻ സാങ്കേതിക വിദ്യയിൽ നിർമിച്ച ശ്വസന യന്ത്രത്തിലൂടെ ശുദ്ധീകരിച്ച വായുവാണ് ആരോഗ്യ പ്രവർത്തകർക്ക് പ്രദാനം ചെയ്യുന്നത്. കോവിഡ്-19നെതിരെ പോരാട്ടം നയിക്കുന്ന ആരോഗ്യപ്രവർത്തകർ ഫേസ് ഷീൽഡ് ഉൾപ്പെടെ വ്യക്തിഗത സുരക്ഷിത ഉപകരണങ്ങൾ ധരിച്ചാണ് രോഗികളെ ശുശ്രൂഷിക്കുന്നത്. ഇത്തരം സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ശുദ്ധീകരിച്ച വായു ശ്വസിക്കാനുള്ള യന്ത്രമാണ് ക്ലബ്ബ് സ്വന്തമായി ഡിസൈൻ ചെയ്ത് നിർമിച്ചിരിക്കുന്നത്. ഉപയോഗിക്കാൻ എളുപ്പമാണെന്ന് മാത്രമല്ല അണുവിമുക്തമാക്കി നിലനിർത്താനും കഴിയും. തുടർച്ചയായി ഉപയോഗിക്കുമ്പോൾ ഫേസ് ഷീൽഡിലൂടെയുളള കാഴ്ചയും കൂടുതൽ വ്യക്തമാകും.
കോവിഡ് പോരാട്ടത്തിൽ സജീവമായിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കായി ഖത്തർ സൈന്റിഫിക് ക്ലബ്ബ് ഇതിനകം ഒട്ടേറെ ഉപകരണങ്ങൾ നിർമിച്ചു കഴിഞ്ഞു.

