കോവിഡ്-19 ബാധിതരെ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി ഖത്തർ

ദോഹ: കോവിഡ്-19 രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിയാന്‍ ഖത്തര്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. 'എഹ്‌ടെറാസ്-Ehteraz' എന്ന ആപ്ലിക്കേഷന്‍ അധികം താമസിയാതെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ആപ്പ് ലഭ്യമാകും. കോവിഡ്-19 വ്യാപനം കുറയ്ക്കാനും രോഗബാധിതരെ ട്രാക്ക് ചെയ്യാനും പുതിയ സംവിധാനം പ്രയോജനകരമാകും. പരിശോധനക്ക് വിധേയമായവരാണോ, രോഗം സ്ഥിരീകരിച്ചവര്‍ ആണോ അല്ലയോ എന്നറിയാന്‍ ക്യൂആര്‍ കോഡുമായി ബന്ധപ്പെടുത്തിയുള്ള കളര്‍ ടാഗും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ അയാളുടെ ഫോണ്‍ ലിസ്റ്റിലുള്ള എല്ലാ വ്യക്തികള്‍ക്കും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് സന്ദേശം ലഭിക്കും.
ഉപയോക്താവിന്റെ പ്രൊഫൈല്‍ ക്യുആര്‍ ഹെല്‍ത് കോഡുമായി ബന്ധിപ്പിക്കപ്പെടും. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിലൂടെ വീട് അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ ക്വാറന്റീന്‍ കാലയളവില്‍ അവിടെ തന്നെ തുടരുന്നുണ്ടോയെന്ന് അറിയാം. ക്വാറന്റീന്‍ വ്യവസ്ഥകളുടെ ലംഘനവും വേഗത്തിലറിയാം. രോഗബാധിതന്‍ എന്ന് സംശയിക്കപ്പെട്ടാല്‍ വേഗത്തില്‍ പരിചരണം ഉറപ്പാക്കാം. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ മുന്നറിയിപ്പും ലഭിക്കും.
നാല് നിറങ്ങളാണ് ആപ്ലിക്കേഷനിലെ കളര്‍ ടാഗിലുള്ളത്. പച്ച നിറം രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആരോഗ്യവാനായ വ്യക്തി അല്ലെങ്കില്‍ പരിശോധനാ ഫലം നെഗറ്റീവ് ആയ വ്യക്തിയെ സൂചിപ്പിക്കുന്നു. ഗ്രേ സൂചിപ്പിക്കുന്നത് ഉപയോക്താവ് രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട് അല്ലെങ്കില്‍ പരിശോധനക്ക് വിധേയമാകാത്തവര്‍ എന്നതാണ് സൂചിപ്പിക്കുന്നത്. മഞ്ഞ നിറം ക്വാറന്റീന്‍ സൗകര്യങ്ങളില്‍ കഴിയുന്നവരെ സൂചിപ്പിക്കുന്നു. ചുമപ്പ് നിറം പരിശോധനക്ക് വിധേയമായി രോഗം സ്ഥിരീകരിച്ചവരെയാണ് സൂചിപ്പിക്കുന്നത്.