ജനസംഖ്യാ കണക്കെടുപ്പിനൊരുങ്ങി ഖത്തർ വികസനാസൂത്രണ മന്ത്രാലയം
ദോഹ : ഖത്തറിൽ വിപുലമായ ജനസംഖ്യാ കണക്കെടുപ്പിന് വികസനാസൂത്രണ മന്ത്രാലയം തയ്യാറെടുക്കുന്നു. രാജ്യത്തെ ജനസംഖ്യ തിട്ടപ്പെടുത്തുന്നതിനൊപ്പം വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം, രാജ്യത്തെ സാന്പത്തിക പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങളും ശേഖരിക്കും. പുതിയ സെൻസസിലൂടെ ജനസംഖ്യ സംബന്ധിച്ച വിശദവിവരങ്ങളെല്ലാം ലഭ്യമാകുമെന്നു വികസനാസൂത്രണ മന്ത്രാലയത്തിലെ സെൻസസ്, സർവ്വേ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മെതേഡ്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ സൗദ് മത്താർ അൽ ഷമ്മാരി പറഞ്ഞു. രാജ്യത്തെ ഓരോ വിഭാഗം ജനങ്ങളുടെയും കൃത്യമായ വിവരങ്ങളും ഇതിലൂടെ ലഭ്യമാകുമെന്ന് അൽ ഷമ്മാരി പറഞ്ഞു.
വിവരങ്ങൾ വെവ്വേറെ ശേഖരിക്കുമെന്ന് സെൻസസ് ഡയറക്ടർ നാസർ സലേഹ് അൽ മഹ്ദി അറിയിച്ചു. ജനസംഖ്യാ കണക്കെടുപ്പു സംബന്ധിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളിലും ലേബർ ക്യാന്പുകളിലും നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുന്ന പരന്പരാഗത രീതി വിട്ട്, വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും വിവരശേഖരം വിശകലനം ചെയ്താവും 2020ലേക്കുള്ള ജനസംഖ്യാ കണക്കെടുപ്പു നടത്തുക. രാജ്യാന്തര മാനദണ്ധത്തിൽ മികച്ച രീതിയിൽ സെൻസസ് പൂർത്തിയാക്കാൻ ഇതിലൂടെ കഴിയുമെന്ന് അൽ മഹ്ദി പറഞ്ഞു.
ജനസംഖ്യ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച് ദേശീയ രജിസ്ട്രിക്ക് സെൻസസിലൂടെ രൂപം നൽകും. കാലാകാലങ്ങളിൽ പുതുക്കാവുന്ന രീതിയിലാവും ദേശീയ രജിസ്ട്രി തയ്യാറാക്കുക. ഇലക്ട്രോണിക് വിവരശേഖരം അടിസ്ഥാനപ്പെടുത്തിയുള്ള സെൻസസ് കണക്കെടുപ്പ് അറബ് മേഖലയിൽ ആദ്യം നടത്തുന്നത് ഖത്തറിലാണെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് വിഭാഗം ഉപമേധാവി അൽ ഒബൈദ്ലി പറഞ്ഞു.


