സൗദിയിൽ കനത്ത മഴ : ജിദ്ദയിൽ ജനജീവിതം സ്തംഭിച്ചു
ജിദ്ദ : സൗദിയിൽ കനത്തമഴ പടിഞ്ഞാറൻ പ്രവിശ്യയായ ജിദ്ദയിൽ ജനജീവിതം സ്തംഭിച്ചു. വാഹനങ്ങളിലും മറ്റും കുടുങ്ങിയ നാനൂറിലധികം പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മഴ തുടരുമെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ജിദ്ദയും മക്കയും തായിഫും ഉൾപ്പെടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ഇന്നലെ രാവിലെയാണ് ഇടിയോടു കൂടി ശക്തമായ മഴ ആരംഭിച്ചത്. മക്ക-മദീന ഹൈവേ ഉൾപ്പെടെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.
ആറു പ്രധാന തുരങ്കങ്ങൾ അടച്ചു. പല വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പല സ്ഥലത്തും വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. മഴയിൽ കുടുങ്ങിയ 481 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇതിൽ നാനൂറ് പേരെ മക്ക പ്രവിശ്യയിൽ നിന്നും, അന്പത്തിനാൽ പേരെ മദീനയിൽ നിന്നും പത്തൊന്പത് പേരെ തബൂക്കിൽ നിന്നുമാണ് രക്ഷപ്പെടുത്തിയത്.
41 വാഹനങ്ങളെയും പത്ത് കുടുംബങ്ങളെയും വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിച്ചു. കോടിക്കണക്കിനു റിയാലിന്‍റെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. പലർക്കും ഷോക്കേറ്റു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പല കന്പനികളും തൊഴിലാളികൾക്ക് അവധി നൽകി. വ്യാപാര സ്ഥാപനങ്ങൾ പലതും അടഞ്ഞു കിടന്നു. മദിന, തബൂക്, റാബിഗ്, യാന്പു, അമ്ലാജ്, അല്ലീത്ത് തുടങ്ങിയ ഭാഗങ്ങളിലും മഴ ലഭിച്ചു. ജിദ്ദയിൽ ചില വിമാന സർവ്‍വീസുകൾ വൈകി.
മഴ കാരണം വിമാനത്താവളത്തിൽ എത്താൻ സാധിക്കാത്ത യാത്രക്കാർക്ക് യാത്രാ തീയ്യതി മാറ്റുന്നതിനോ, ടിക്കറ്റ് റദ്ദാക്കുന്നതിനോ പിഴ ഈടാക്കില്ലെന്നു സൗദി എയർലൈൻസ് അറിയിച്ചു. മിന്നലേറ്റ് വിമാനത്താവളത്തിലെ കാലാവസ്ഥാ നിരീക്ഷണ കെട്ടിടത്തിനു കേടുപാടുകൾ സംഭവിച്ചു. സീപോർട്ടിന്‍റെ പ്രവർത്തനം മൂന്നു മണിക്കൂർ നിലച്ചു. മത്സബന്ധനത്തിനോ കടലിൽ പോകരുതെന്നും വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം നിർദ്ദേശിച്ചു.


