ഏഴിമല നാവിക അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡ്
ഏഴിമല : ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 328 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പരിശീലനം പൂർത്തിയാക്കിയവരിൽ 20 വനിതകളും ഉൾപ്പെടും. ഇന്ത്യൻ കേഡറ്റുകൾക്ക് പുറമെ വിദേശരാജ്യങ്ങളായ ടാൻസാനിയ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനത്തിനെത്തിയ രണ്ടു് കേഡറ്റുകളും പാസിംഗ് ഔട്ടിൽ പങ്കെടുത്തു. ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് അഡ്മിറൽ സുനിൽ ലാംബ സല്യൂട്ട് സ്വീകരിച്ചു.
വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച കേഡറ്റുകൾക്കുള്ള ട്രോഫികളും സുനിൽ ലാംബ വിതരണം ചെയ്തു. രാഷ്ട്രപതിയുടെ ഗോൾഡ് മെഡലിന് റിഷവ് ഷായും ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് ഗോൾഡ് മെഡലുകൾക്ക് അനിൽ ചൗധരി, ഗൗരവ് ത്യാഗി എന്നിവരും അർഹരായി. മികച്ച വനിതാ കേഡറ്റിനുള്ള ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് മെഡലിന് അഞ്ജലി പാണ്ധേ അർഹയായി. പാസിംഗ് ഔട്ട് പരേഡിൽ ഏഴിമല നാവിക അക്കാഡമി കമാൻഡന്‍റ് വൈസ് അഡ്മിറൽ എസ്.വി ബുഖാറെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കേഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്തു.


