ഹമദ് തു­റമു­ഖത്തെ­ കാ­ർ­ഗോ­ ഇടപാ­ടു­കളിൽ‍ 78 ശതമാ­നം വർ­ദ്ധന


ദോഹ : ഹമദ് തുറമുഖത്തെ കാർഗോ ഇടപാടുകളിൽ കഴിഞ്ഞ മാസം 78 ശതമാനം വർദ്ധനയുണ്ടായതായി ഖത്തർ തുറമുഖ മാനേജ്‌മെന്റ് (മവാനി ഖത്തർ) അറിയിച്ചു. കഴിഞ്ഞ മാസം രാജ്യത്തെ മൂന്ന് പ്രധാന തുറമുഖങ്ങളിലായി 446 ചരക്ക് കപ്പലുകളാണ് എത്തിയത്. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലായാണ് ഇത്രയധികം കപ്പലുകളെത്തിയത്. ജൂണിൽ മൂന്ന് തുറമുഖങ്ങളിലായി 212 കപ്പലുകളാണ് എത്തിയത്. ജൂലൈയിൽ 371 കപ്പലുകളുമെത്തി. ജൂണിലേക്കാൾ 75 ശതമാനമാണ് ജൂലൈയിലെ വർദ്ധന. ആഗസ്റ്റിൽ ഹമദ് തുറമുഖത്തെ കാർഗോ പ്രവർത്തനങ്ങളിൽ 78 ശതമാനം വർദ്ധനയാണുണ്ടായത്.

ജനറൽ കാർഗോ വിഭാഗത്തിൽ ജൂലൈ യിൽ 80,275 ടൺ ആയിരുന്നത് ആഗസ്റ്റിൽ 1,42,854 ആയാണ് വർദ്ധിച്ചത്. ജൂലൈയേക്കാൾ 78 ശതമാനമാണ് വർദ്ധന. മവാനി ഖത്തർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം ആഗസ്റ്റിൽ 67,603 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകളും 4,870 വാഹനങ്ങളും 58,895 കന്നുകാലികളും 23,482 ടൺ നിർമ്മാണ സാമഗ്രികളുമാണ് കൈകാര്യം ചെയ്തത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി മൊത്തം 2,54,234 ടൺ ആണ് ജനറൽ കാർഗോവിഭാഗം കൈകാര്യം ചെയ്തത്. 1,40,490 ഓളം സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകളും കൈകാര്യം ചെയ്തു. 

ആഗസ്റ്റിലെ കെട്ടിട നിർമ്മാണ സാമഗ്രികളുടെ കാര്യത്തിൽ 197 ശതമാനമാണ് വർദ്ധന. ജൂലൈയിൽ 7,897 ടൺ ആയിരുന്നത് ആഗസ്റ്റിൽ 23,482 ടണ്ണാണ് ഇറക്കുമതി ചെയ്തത്. ജൂണിൽ ഹമദ് തുറമുഖത്ത് 60,858 കന്നുകാലികൾ, 24,014 കണ്ടെയ്‌നറുകൾ എന്നിവയാണ് കൈകാര്യം ചെയ്തത്. ജൂലൈയിൽ‍ 48873 കണ്ടെയ്‌നരർ, 80,275 ജനറൽ കാർ‍ഗോ, 4922 വാഹനങ്ങളും യന്ത്രങ്ങളും, 74,148 കന്നുകാലികൾ, 7897 ടൺ കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവയാണ്
ഹമദ് തുറമുഖം കൈകാര്യം ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed