അനധികൃത പൊളിച്ച് നീക്കൽ : ഗതാഗത തടസം സൃഷ്ടിച്ചു

മനാമ : കെട്ടിടങ്ങൾ അനധികൃതമായി പൊളിച്ചുനീക്കുന്നത് മൂലം സെഹ്‌ലയ്ക്ക് സമീപം ഷെയ്ഖ് സൽമാൻ ഹൈവേയുടെ പല ഭാഗങ്ങളിലും ഗതാഗത തടസമുണ്ടാകുന്നതായി പരാതി. ഇവിടെ നിന്നും ഉയരുന്ന പൊടിക്കാറ്റ് പാത മൂടുന്ന നിലയിലാണ്. പുരാതനമായ ഷെയ്ഖ് അസീസ് മോസ്കിന് സമീപമുള്ള ഹൈവേയിലാണ് സംഭവം. അബ്ദുൾ ജബ്ബാർ അൽ ഖുഹീജി കെട്ടിടം പൊളിക്കുന്നതിനാലാണ് ഗതാഗത തടസമുണ്ടാകുന്നത്. സംഭവത്തെ തുടർന്ന് ക്യാപിറ്റൽ ജനറലിലെ സെക്രട്ടറിയേറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി.
എന്നാൽ കെട്ടിടം പൊളിച്ചുനീക്കുന്നത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് സഹായത്തോടെ ക്യാപിറ്റൽ ജനറൽ സെക്രട്ടറിയേറ്റിലെ ഇൻസ്പെക്ടർമാരും ആഭ്യന്തര മന്ത്രാലയവും പ്രവർത്തനങ്ങൾ തടഞ്ഞു. ഷോറൂം, വെയർഹൗസ് എന്നീ നിലകളിൽ ഉപയോഗിച്ചിരുന്ന അബ്ദുൾ ജബ്ബാർ അൽ ഖുഹീജി കെട്ടിടം 1997ൽ അഗ്നിബാധയെത്തുടർന്നാണ് ഉപേക്ഷിച്ചത്. കെട്ടിടത്തിന്റെ ഉടമസ്ഥൻ അധികാരികളിൽ നിന്നും ആവശ്യമായ പെർമിറ്റുകൾ ലഭ്യമാക്കാതെയാണ് കെട്ടിടം പൊളിച്ചുനീക്കാൻ ആരംഭിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തലാക്കിയതോടെ ഷെയ്ഖ് സൽമാൻ ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.