കു­വൈ­ത്തിൽ ആശു­പത്രി­കളിൽ ഡോ­ക്ടർ­മാ­രെ­ കയ്യേ­റ്റം ചെ­യ്താൽ മൂ­ന്ന് വർ­ഷം തടവും പി­ഴയും


കുവൈത്ത് സിറ്റി : ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയും കയ്യേറ്റം ചെയ്‌താൽ മൂന്നുവർഷം തടവും 5000 ദിനാർ പിഴയും ശിക്ഷ ലഭിക്കും. അതു സംബന്ധിച്ച കരട് ബില്ലിനു കുവൈത്ത് മെഡിക്കൽ സൊസൈറ്റിയും ആരോഗ്യമന്ത്രാലയവും രൂപം നൽകി.  ഡോക്ടർമാരെയും മറ്റും അസഭ്യം പറഞ്ഞാലും പരിഹസിച്ചാലും ആറുമാസം തടവും 1000 ദിനാർ പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.

ലൈസൻസ് ഇല്ലാതെ ക്ലിനിക് തുറക്കുന്നവർക്കും ചികിത്സ നടത്തുന്നവർക്കും അഞ്ചുവർഷം തടവും 10000 ദിനാർ പിഴയും ലഭിക്കും. അത്തരം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പിന്നീട് രണ്ടുവർഷത്തിനുശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ അർഹതയുണ്ടാകൂ.  മാതാവിന്റെ ആരോഗ്യത്തിനു ഹാനികരം എന്നു ബോധ്യമുള്ള സാഹചര്യത്തിലല്ലാതെ ഗർഭച്ഛിദ്രം അനുവദനീയമല്ല. അതിനു ഭാര്യയും ഭർത്താവും രേഖാമൂലം സമ്മതവും നൽകിയിരിക്കണം. 

അതേസമയം ബലാത്സംഗത്തിന് ഇരയായതിനെ തുടർന്നാണു ഗർഭധാരണമെങ്കിൽ മാതാവിന്റെ സമ്മതപ്രകാരം ഗർഭച്ഛിദ്രം അനുവദനീയമാണ്. നാലുമാസം പൂർത്തിയാകുന്നതിനു മുന്പായിരിക്കണം ഗർഭച്ഛിദ്രം. ഗർഭസ്ഥശിശുവിന്റെ വൈകല്യം ശാസ്‌ത്രീയമായി തെളിയിക്കപ്പെടുന്ന സാഹചര്യത്തിലും ഗർഭച്ഛിദ്രം ആകാം. സർക്കാർ ആശുപത്രികളിൽ മാത്രമേ ഗർഭച്ഛിദ്രം പാടുള്ളൂ. അതും ഡോക്ടർമാരുടെ പാനൽ സം‌യുക്തമായി വേണം തീരുമാനമെടുക്കാൻ. 

രോഗികളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പരസ്യപ്പെടുത്താൻ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും അവകാശം ഉണ്ടാകില്ല. വ്യവസ്ഥ ലംഘിച്ചാൽ ഡോക്ടർക്ക് അഞ്ചുവർഷം തടവും 10000 ദിനാർ പിഴയും ലഭിക്കും. രോഗിയുടെ പടം പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. അക്കാദമികമായ ആവശ്യങ്ങൾക്കു മെഡിക്കൽ ജേണൽ പോലുള്ളവയിൽ പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആളെ തിരിച്ചറിയാൻ കഴിയാത്തവിധം ആയിരിക്കണം. പടത്തിൽ മുഖം കാണുന്ന സാഹചര്യമാണെങ്കിൽ കണ്ണുകൾ മറച്ചുവേണം നൽകാൻ. ഡോക്ടർമാർ അവർ സ്പെഷലൈസ് ചെയ്ത വിഭാഗത്തിൽ മാത്രമേ ചികിത്സ നടത്താൻ പാടുള്ളൂ. 

മറ്റിടത്തു ഡോക്ടർ ഇല്ലാതിരിക്കുന്നതുപോലുള്ള അടിയന്തര ഘട്ടങ്ങളിൽ മാത്രമേ അതിൽനിന്നു വ്യതിചലിക്കാൻ പാടുള്ളൂ. എന്നാൽ പ്രാഥമിക ശുശ്രൂഷപോലുള്ളതിനു വിലക്ക് ബാധകമല്ല. ഡോക്ടർമാർ ജോലി/ജോലിസ്ഥലം തുടങ്ങിയവ കാണിച്ചു പരസ്യം നൽകാൻ പാടില്ല. പരസ്യം നൽകുന്നതിനു മന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി വാങ്ങണം. ഡോക്ടർമാരുടെ കൈപ്പിഴ കാരണം സംഭവിക്കുന്ന അത്യാഹിതങ്ങൾക്കു നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്തം ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും. 

ഏതു സാഹചര്യത്തിലാണെങ്കിലും ദയാവധം അനുവദനീയമല്ല. കടുത്ത വേദനയനുഭവിക്കുന്ന രോഗിയാണെങ്കിൽക്കൂടി വേദനസംഹാരി മരുന്നുകൾ നൽകാനേ അനുമതിയുള്ളൂ. വന്ധ്യംകരണം പാടില്ലെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഭാര്യാഭർത്താക്കന്മാരിലൊരാൾക്ക് അപകടം സംഭവിക്കുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ വന്ധ്യംകരണം അനുവദിക്കുകയും ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed