ഖത്തറിന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പുതിയ കമ്പനി

ദോഹ: അന്താരാഷ്ട്ര വിപണിയില്‍ രാജ്യത്തിന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പുതിയ ഓഹരി പങ്കാളിത്ത കമ്പനി രൂപീകരിക്കാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിറക്കി. 2016ലെ 9ാം നമ്പര്‍ നിയമമായാണ് കഴിഞ്ഞ ദിവസം അമീര്‍ ഉത്തരവിറക്കിയത്.
ഖത്തര്‍ പെട്രോളിയത്തെ പ്രതിനിധീകരിക്കുന്ന ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ഓഹരി പങ്കാളിത്ത കമ്പനി സ്ഥാപിക്കാനാണ് നിയമം അനുശാസിക്കുന്നത്.
ഖത്തര്‍ പെട്രോളിയം ഫോര്‍ സെല്ലിങ് പെട്രോളിയം ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ കമ്പനിക്കായിരിക്കും നിയമപരമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവകാശം. 2007ലെ ഇതുസംബന്ധിച്ച നിയമം ഭേദഗതി ചെയ്ത ശേഷം ഖത്തര്‍ മന്ത്രിസഭ നേരത്തെ ഇതു സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു.
വിപണി നിയന്ത്രണവും സര്‍ക്കാരിന്റെ കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ ഖത്തറിന് പുറത്ത് വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പട്ട നിയമമായിരുന്നു ഇത്. കരട് നിയമത്തിന് അംഗീകാരം നല്‍കിയ ശേഷം മന്ത്രിസഭ ഇത് ഉപദേശക സമിതിക്ക് അംഗീകാരത്തിനായി കൈമാറിയിരുന്നു.
പുതുതായി രൂപീകരിക്കുന്ന കമ്പനിക്കായിരിക്കും ഇനി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാനും ഖത്തറിലും ഖത്തറിന് പുറത്തും ഇത് വില്‍പ്പന നടത്തുന്നതിനുമുള്ള അവകാശം. മാര്‍ക്കറ്റില്‍ ഖത്തര്‍ പെട്രോളിയത്തെ പ്രതിനിധീകരിക്കുന്നതിനാണ് പുതിയ കമ്പനിക്ക് നിയമം അനുവദിച്ചിരിക്കുന്നത്. ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും.