ഖരീഫ്: ബലൂണ്‍ കാര്‍ണിവല്‍ 20 മുതല്‍
മസ്കത്ത്: ഖരീഫ് കാലത്ത് സലാല സന്ദര്‍ശിക്കുന്നവര്‍ക്ക് പുതിയ അനുഭവമൊരുക്കുന്ന ബലൂണ്‍ കാര്‍ണിവലിന് ഇൗ മാസം 20ന് തുടക്കമാകും. ഒമാനില്‍ ഇതാദ്യമായാണ് ബലൂണ്‍ കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 25 വരെയാണ് കാര്‍ണിവല്‍. സഹനൂത്തിലെ 1.10 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് കാര്‍ണിവല്‍ വേദിക്കായി തെരഞ്ഞെടുക്കുക. ചൂടുവായു നിറച്ച 15 ബലൂണുകളാണ് ഇവിടെ ഉണ്ടാവുക. ഒരു ബലൂണില്‍ ഒരു സമയം അഞ്ചു മുതല്‍ 10 വരെ ആളുകള്‍ക്ക് കയറാന്‍ സാധിക്കും.
500 ബൈസയായിരിക്കും ഒരാള്‍ക്ക് നിരക്ക്. ബലൂണുകളില്‍ കയറുന്നവര്‍ക്ക് 100 മീറ്റര്‍ വരെ ഉയരത്തില്‍നിന്ന് സലാലയുടെ ആകാശക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരമുണ്ടാകും. ബലൂണുകള്‍ക്ക് ഒപ്പം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള നിരവധി വിനോദ ഉപാധികളും കാര്‍ണിവല്‍ വേദിയില്‍ ഉണ്ടാകും. ഇലക്ട്രിക്, ഡിജിറ്റല്‍ ഗെയിമുകള്‍, ഫുഡ് കോര്‍ട്ട്, ഹോളോഗ്രാം-വി.ആര്‍ പ്രദര്‍ശനം, ഒൗട്ട്ഡോര്‍ സിനിമ, റേസ്ട്രാക്ക് ചലഞ്ച്, കുട്ടികളുടെയും കുടുംബങ്ങളുടെയും തിയറ്റര്‍, സംഗീത ഷോ, ലേസര്‍ പ്രദര്‍ശനം, വിനോദ പ്രദര്‍ശനം എന്നിവയാണ് ഇവിടെയുണ്ടാവുകയെന്ന് കാര്‍ണിവല്‍ സംഘാടക പ്രതിനിധി പറഞ്ഞു.
ബലൂണുകള്‍ പറക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥയായിരിക്കും ഇൗ സമയത്ത്. പശ്ചിമേഷ്യയിലെ പ്രമുഖ വിനോദ കമ്ബനികളായിരിക്കും കാര്‍ണിവലില്‍ വിനോദ പരിപാടികള്‍ ഒരുക്കുക. ലാഭം ഉണ്ടാക്കുക എന്നതിലുപരിയായി സലാല ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ബലൂണ്‍ കാര്‍ണിവലിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടക പ്രതിനിധി പറഞ്ഞു. കാര്‍ണിവല്‍ നഗരിയിലേക്ക് ചെറിയ പ്രവേശന ഫീസ് ഉണ്ടാകും. അകത്തുള്ള ഒാരോ ഇനങ്ങള്‍ക്കും പ്രത്യേകം നിരക്കുകള്‍ നല്‍കണം. പരമാവധി ചെറിയ തുക മാത്രമാണ് ഇൗടാക്കുകയെന്നും സംഘാടക പ്രതിനിധി പറഞ്ഞു.

