സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇതാദ്യം: ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും


ഷീബ വിജയൻ

ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്ര്യ ദിന ചടങ്ങിൽ വന്ദേമാതരം ആലപിക്കും. ഔദ്യോഗിക സ്വാതന്ത്ര്യദിന പരിപാടിയിൽ ദേശീയ ഗീതം ഉൾപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് പ്രതിരോധ മന്ത്രാല ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം അവസാനിച്ച ശേഷം ദേശീയഗാനത്തിന് തൊട്ടുമുമ്പായിട്ടായിരിക്കും വന്ദേമാതരം ആലപിക്കുക.

ദേശീയഗാനത്തിന് 1971-ലെ നിയമപ്രകാരം ലഭിക്കുന്ന സംരക്ഷണം വന്ദേമാതരത്തിനും ലഭ്യമാക്കുന്ന 'ദേശീയ ബഹുമാനത്തോടുള്ള അനാദരവ് തടയൽ (ഭേദഗതി) ബിൽ, 2026' പാർലമെന്റ് പാസാക്കി ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം വരുന്നത്. ജൂലൈ 24 ന് രാജ്യസഭയിലാണ് ഈ ബിൽ അവതരിപ്പിച്ചത്. ദേശീയ ഗീതം ആലപിക്കുന്നത് മനഃപൂർവം തടസപ്പെടുത്തുകയോ അത് ആലപിക്കുന്നവരെ തടസപ്പെടുത്തുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് ഒരു വർഷത്തെ തടവുശിക്ഷ ലഭിക്കും.

ചെങ്കോട്ടയിലെ സമ്പൂർണ ചടങ്ങ് വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം എൻസിസി (NCC) കേഡറ്റുകൾ 'ജനഗണമന' ആലപിച്ചുകൊണ്ടാണ് ചടങ്ങുകൾ അവസാനിക്കാറുള്ളത്. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് രാവിലെ എൻസിസി ഗായകരും ദേശഭക്തിഗാനങ്ങളും അവതരിപ്പിക്കാറുണ്ട്. ചെങ്കോട്ടയിലെ ചടങ്ങിൽ നിലവിൽ ഉപയോഗത്തിലുള്ള ആദ്യ രണ്ട് ഖണ്ഡികകൾ മാത്രമാണോ അതോ ഗാനത്തിന്റെ പൂർണരൂപമാണോ ആലപിക്കുക എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ദേശീയഗാനമോ ദേശീയ ഗീതമോ ആലപിക്കാൻ ആരെയും നിർബന്ധിക്കാനാവില്ലെന്നും, ബഹുമാനപൂർവ്വം നിശബ്ദനായി നിൽക്കുന്നത് അനാദരവായി കണക്കാക്കാനാവില്ലെന്നും 1986-ലെ 'ബിജോയ് ഇമ്മാനുവൽ' കേസിലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ 150ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്, 1937-ൽ വന്ദേമാതരത്തിന്റെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയെന്നും ഗാനം 'കഷണങ്ങളാക്കപ്പെട്ടു' എന്നും ഈ വിഭജനമാണ് 'വിഭജനത്തിന്റെ വിത്തുകൾ പാകിയതെന്നും' പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം കോൺഗ്രസ് തള്ളിക്കളഞ്ഞു. ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം നിലനിർത്താൻ രബീന്ദ്രനാഥ ടാഗോർ തന്നെയാണ് നിർദ്ദേശിച്ചതെന്നും, നൊബേൽ സമ്മാന ജേതാവായ അദ്ദേഹത്തിന് മേൽ വിഭജന പ്രത്യയശാസ്ത്രം ആരോപിക്കുന്നത് അനീതിയാണെന്നും കോൺഗ്രസ് പ്രതികരിച്ചു.

article-image

dsadfsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed