ഹിമാചൽ പ്രദേശിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് മരണം
ഷീബ വിജയൻ
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബെറാഗഡിൽ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചമ്പ ജില്ലയിലെ ചലുഞ്ച് മോറിന് സമീപത്തുവച്ചാണ് ബസ് കീഴ്മേൽ മറിഞ്ഞ് താഴെയുള്ള റോഡിലേക്ക് വീണത്.
അപകടം നടക്കുമ്പോൾ ബസിൽ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിനടിയിൽ നിരവധി യാത്രക്കാർ കുടുങ്ങിപ്പോയിരുന്നു. യാത്രക്കാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇവരും ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് പോലീസും ഫയർഫോഴ്സും ചേർന്നാണ് ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ 11 പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
saadsasds

