മുവാസലാത്ത് ടാക്‌സി സർവ്വീസ് ആരംഭിച്ചു
മസ്്ക്കറ്റ് : മുവാസലാത്ത് ടാക്‌സി സർവ്വീസ് ആരംഭിച്ചു. ദേശീയ ഗതാഗത കന്പനിയുടെ രണ്ടാമത്തെ സംരഭമാണ് മുവാസലാത്ത് ടാക്‌സി. ഓൺ കോൾ ടാക്‌സികളാണ് ഇന്നലെ റോഡിലെത്തിയത്. ടാക്‌സി നിരക്കും കന്പനി അധികൃതർ പ്രഖ്യാപിച്ചു. മാളുകളിൽ ഓൺകോൾ ടാക്‌സി വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക.
മാളുകളിൽ നിന്നിള്ള നിരക്ക് ആദ്യ കിലോമീറ്ററിന് ഒരു റിയാലും ഓൺ കോൾ ടാക്‌സികൾക്ക് 1.2 റിയാലും ആയിരിക്കും. ശനി മുതൽ വ്യാഴം വരെ പകൽ സമയത്താണ് ഈ നിരക്ക് ലഭിക്കുക. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസ നിരക്കും ഈടാക്കും. വൈകിട്ട് മുതൽ യഥാക്രമം 1.3 റിയാലും 1.5 റിയാലുമായിരിക്കും നിരക്ക്. കിലോമീറ്ററിന് 350 ബൈസ തോതിലും ഈടാക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുറഞ്ഞ നിരക്കിൽ സർവ്വീസ് ലഭ്യമാക്കുന്നത്.
125 ടാക്‌സികളാണ് മാളുകളിൽ സർവ്വീസ് നടത്തുക. വിമാനത്താവളങ്ങളിൽ അടുത്ത മാസം മുതൽ ടാക്‌സി സർവ്വീസ് ആരംഭിക്കും. 100 കാറുകളാകും ആദ്യഘട്ടത്തിലുണ്ടാകുക. വിമാനത്താവളങ്ങളിലെ ടാക്‌സി നിരക്കിൽ വൻ കുറവുണ്ടാകും. നിലവിൽ ജി.സി.സിയിൽ ഏറ്റവും ഉയർന്ന നിരക്കിൽ ടാക്‌സി ചാർജ് ഈടാക്കുന്നത് ഒമാനിലെ വിമാനത്താവളങ്ങളിലാണ്.
മുവാസലാത്ത്, മർഹബ ടാക്‌സികൾക്ക് കഴിഞ്ഞ വർഷമാണ് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം ലൈസൻസ് അനുവദിച്ചത്. മർഹബ ടാക്‌സിയും അടുത്തിടെ നിരക്കിൽ വൻ കുറവ് വരുത്തിയിരുന്നു. ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് 65 ശതമാനം കുറവാണ് നിരക്കിൽ കന്പനി വരുത്തിയിരിക്കുന്നത്.

