ഒമാനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു
മസ്ക്കറ്റ് : ഒമാനിൽ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഒമാൻ തൊഴിൽ നിയമം അനുശാസിക്കുന്ന ആരോഗ്യ പരിരക്ഷ തൊഴിൽ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കുമെന്നും ഒമാൻ ചേംബർ അധികൃതർ വ്യക്തമാക്കി. നടപടി ഒമാനിലെ പ്രവാസികൾക്ക് ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. 2018 ജനുവരി മുതലാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുകയെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കി.
ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നിബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുവാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ എത്തിയെന്നും ഇത് 2018 ജനുവരി മുതൽ നടപ്പിലാക്കുവാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
ഒമാൻ തൊഴിൽ നിയമത്തിലെ 33ാം വകുപ്പ് പ്രകാരമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്വദേശികൾക്കുംവിദേശികൾക്കും നിർബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഉടൻ എല്ലാ തൊഴിൽ ഉടമകളും ജീവനക്കാർക്ക് ആരോഗ്യ പരിരക്ഷ നടപ്പിലാക്കണമെന്നും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപെട്ടു. നിയമ പ്രകാരം തൊഴിലുടമ, ജീവനക്കാർക്ക് ഉണ്ടാകുന്ന വൈദ്യചികിത്സാ ചെലവ് ഒരു അംഗീകൃത ഇൻഷുറൻസ് കന്പനിയിലൂടെ
സംരക്ഷിക്കണമെന്നാണ് അനുശാസിക്കുന്നത്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്ക് പ്രകാരം ഇതിനകം 75 കൺസൾട്ടൻസി ഓഫീസുകളും, 374 അന്താരാഷ്ട്ര കന്പനികളും, രാജ്യത്തെ1,887 മികച്ച കന്പനികളും തങ്ങളുടെ ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി വരുന്നുണ്ട്.
ഇതര ജി.സി.സി രാജ്യങ്ങളിൽ സ്വകാര്യ മേഖലയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെങ്കിലും ഒമാനിൽ ഇപ്പോൾ നിർബന്ധമല്ല. ഇത് തൊഴിലാളികൾക്ക് അപകടങ്ങൾ സംഭവിക്കുന്പോഴും അസുഖങ്ങൾ പിടിപെടുന്പോഴും പ്രയാസം സൃഷ്ടിക്കാറുണ്ട്. ശന്പളത്തിൽ നിന്ന് തന്നെ ചികിത്സക്കും മരുന്നിനും മറ്റും പണം ചെലവഴിക്കേണ്ടി വരുന്നത് കുറഞ്ഞ ശന്പളത്തിന് തൊഴിലെടുക്കുന്നവർക്ക് സാന്പത്തിക പ്രതിസന്ധിക്ക് കാരണമാകും. പുതിയ പദ്ധതി നടപ്പിലാകുന്നതോടു കൂടി ഒമാനിലെ വിദേശികളായ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസം തന്നെയാകും ഉണ്ടാകുക.

