കല്യാണ വീട്ടിലെ പാട്ടുമ്മ
പണ്ടത്തെ കല്യാണ വീടുകള്‍ ഒരു പ്രത്യേക ആവേശം തന്നെയാണ്. രണ്ടു ദിവസം മുമ്ബ് തന്നെ, സര്‍വാലങ്കാരത്തോടെ കല്യാണ പന്തല്‍ ഒരുങ്ങും. എല്ലാവരും ഭയങ്കര സന്തോഷത്തിലായിരിക്കും. ബന്ധുക്കളും കൂട്ടുകാരും അയല്‍വാസികളും എന്തു സഹായത്തിനും തയ്യാറായി ഒത്തുചേരും. ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ വീടൊരു ആഘോഷ പൂരത്തിലാവും..
കല്യാണ തലേന്ന് പന്തലിന്റെ ഓരോ ഭാഗങ്ങളില്‍ ഓരോരുത്തരും പണികളില്‍ മുഴുകും. അപ്പോഴും നോട്ടം മുഴുവന്‍ പന്തലിലാക്കി പാട്ടുകള്‍ പാടും.
അന്നത്തെ മൈലാഞ്ചി രാവിന്റെ ഓര്‍മകള്‍ ഒക്കെ ഒറ്റ വാക്കില്‍ അയവിറക്കി ആസ്യ ഉമ്മ എന്ന പാട്ടുമ്മ സംസാരിച്ചു തുടങ്ങി. പ്രായം എണ്‍പത്തിയാറു കഴിഞ്ഞിരിക്കുന്നു. കല്ലടിക്കോട് എന്‍ എസ് ഹാളിനു സമീപം ആനപ്പള്ളിയാലില്‍ പരേതനായ സെയ്തലവിയുടെ ഭാര്യ ആസ്യ ഉമ്മ ഇന്നും പഴയ പാട്ടുകളുടെ തോഴിയാണ്.
മകന്‍ മുഹമ്മദിനും മരുമകള്‍ സീനത്തിനുമൊപ്പമാണ് ആസ്യ ഉമ്മയുടെ താമസം. ഇശലൂറുന്ന പാട്ടുകളൊക്കെ മറന്നു പോയെങ്കിലും ഓര്‍മയില്‍ നിന്നെടുത്ത് ചിലതൊക്കെ പാടും. ഇപ്പോഴും ആച്ചുമ്മയുടെ പാട്ടിന് നല്ല സ്വരമുണ്ട്. അതു കേള്‍ക്കുമ്ബോള്‍ പോയ്‌പോയ ആ പഴയ കാലം ഒരു നൊമ്ബരമായി മനസ്സില്‍ നിറയും.
കല്യാണ പാട്ടുകാരി ആസ്യ ഉമ്മ പാട്ടുപാടാത്ത കല്യാണ വീടുകള്‍ വളരെ കുറവായിരുന്നു അക്കാലത്ത്. മംഗല്യ രാവുകളില്‍ കല്യാണ പെണ്ണിനെ മൈലാഞ്ചി ഇടാന്‍ പന്തലിലേക്ക് ആനയിക്കുന്നത് പോലും കൈകൊട്ടി പാടിയാണ്. ഒപ്പന സംഘങ്ങളെയൊന്നും ഒരുക്കി നിര്‍ത്തിയിട്ടുണ്ടാവില്ല. പക്ഷേ കാഴ്ചക്കാരികളായ പെണ്ണുങ്ങള്‍ പലരും ഒപ്പന കളിച്ചു തുടങ്ങും.
കല്യാണ സദസ്സില്‍ വധൂവരന്‍മാരുടെയും മാതാപിതാക്കളുടെയും പേരുകള്‍ ചേര്‍ത്ത് പാട്ടുണ്ടാക്കി പാടുന്ന പതിവുമുണ്ടായിരുന്നു. ആണുങ്ങളുടെ മാത്രമായുള്ള പാട്ടുസംഘങ്ങളും അക്കാലത്തുണ്ടായിരുന്നു. ചെടിയില്‍ നിന്നെടുത്ത മൈലാഞ്ചി ഇലയാണ് അരച്ചുപയോഗിച്ചിരുന്നത്. നാണിച്ചു തല താഴ്ത്തി വരുന്ന പുതുപെണ്ണിനെ പന്തലില്‍ ഇരുത്തി മൈലാഞ്ചി ഇട്ടു തുടങ്ങുമ്ബോള്‍ ആസ്യ ഉമ്മയും കൂട്ടുകാരികളും കൈകൊട്ടിപാടുമായിരുന്നു.
മൈലാഞ്ചി പാട്ട്, ഒപ്പന പാട്ട്, ബദര്‍പാട്ട്, താലിപാട്ട്, പക്ഷിപ്പാട്ട് ഇങ്ങനെ പലവിധമായിരുന്നു ജാതി മത ഭേദമന്യേ ആളുകളെ ആകര്‍ഷിച്ചു പോന്ന കല്യാണ പാട്ടുകള്‍. ബദറുല്‍ മുനീറും ഹുസ്‌നുല്‍ ജമാലും എന്ന പ്രേമ കാവ്യമായിരുന്നു മായിരുന്നു ആസ്വാദകരുടെ മനം കവര്‍ന്ന് ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേക്ക് ഒഴുകി പരന്ന മറ്റുഈണങ്ങള്‍.
പാട്ടുകള്‍ പാട്ടു പുസ്തകത്തില്‍ നിന്നും കണ്ടെത്തുമെങ്കിലും സ്വന്തമായി മെനഞ്ഞെടുത്ത ഈണങ്ങളായിരുന്നു അവയ്ക്ക്. കുട്ടിക്കാല സന്തോഷങ്ങളിലേയ്ക്കും അനുഭവത്തിലേക്കും വിളിച്ചോണ്ട് പോകുന്ന വേറെയും പാട്ടുകളുണ്ട്. അതെല്ലാം ഓര്‍ത്തോര്‍ത്ത് ആസ്യ ഉമ്മ ചോദിക്കുന്നു, അന്നത്തെ കല്യാണ വീടുകളുടെ ലാളിത്യവും ചൂടും ചുറുചുറുക്കും ഇന്നെവിടെ?

