സിഎഎ പിന്‍വലിക്കില്ല'; നിയമം കൊണ്ടുവന്നത് ബിജെപിയാണ്, ഇത് റദ്ദാക്കുക അസാധ്യമാണെന്നും അമിത് ഷാ


പൗരത്വ ഭേദഗതി നിയമം പിൻവലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎയുടെ കാര്യത്തിൽ ബിജെപി സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യമെമ്പാടും സിഎഎയെ കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. “നമ്മുടെ രാജ്യത്ത് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. അതിൽ വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ തയാറല്ല, സിഎഎ ഒരിക്കലും പിന്‍വലിക്കില്ല,” എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

വിവാദമായ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. അധികാരത്തിൽ വന്നാൽ നിയമം റദ്ദാക്കുമെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് അവര്‍ക്കു തന്നെ അറിയാം എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. "ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വരാന്‍ സാധ്യതയില്ലെന്ന് ഇന്‍ഡ്യ മുന്നണി നേതാക്കള്‍ക്ക് വരെ അറിയാം. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് ബിജെപിയാണ്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്. ഇത് റദ്ദാക്കുക അസാധ്യമാണ്. പൗരത്വ ഭേദഗതി നിയമം റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ ഇടം ഇല്ലാത്തവിധം ഞങ്ങൾ രാജ്യമാകെ നിയമത്തെ കുറിച്ച് ബോധവൽക്കരണം നടത്തും.” അമിത് ഷാ പറഞ്ഞു.

വിവാദ നിയമത്തിലൂടെ ബിജെപി പുതിയ വോട്ട് ബാങ്ക് ഉണ്ടാക്കുകയാണെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളെ അമിത് ഷാ പരിഹസിച്ചു തള്ളി. ”പ്രതിപക്ഷത്തിന് വേറെ പണിയില്ല, ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചരിത്രമാണ് അവർക്കുള്ളത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ചരിത്രം വേറെയാണ്. ബിജെപിയോ പ്രധാനമന്ത്രിയോ എന്തെങ്കിലും പറഞ്ഞാൽ അത് കല്ലിൽ കൊത്തിവെച്ചത് പോലെയാണ്. മോദി നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടും” അമിത് ഷാ പറഞ്ഞു.

article-image

EWERWERWERWERW

You might also like

  • Straight Forward

Most Viewed