സൂര്യാതാപം; തുറസ്സായ സ്ഥലങ്ങളിൽ പരിപാടികൾക്ക് നിയന്ത്രണം

മഹാരാഷ്ട്രയിൽ തുറസ്സായ സ്ഥലങ്ങളിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തുറസ്സായ സ്ഥലത്ത് പകല്‍ 12 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ പരിപാടികളും വിലക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സ്ഥിതി മെച്ചപ്പെടുന്നത് വരെ വിലക്ക് നീണ്ട് നില്‍ക്കുമെന്നും സര്‍ക്കര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നവി മുംബൈയില്‍ കഴിഞ്ഞ ദിവസം അമിത്ഷാ പങ്കെടുത്ത ചടങ്ങില്‍ സൂര്യാതപമേറ്റ് 13 പേര്‍ മരിച്ചിരുന്നു. കൊടുംചൂടില്‍ മണിക്കൂറുകള്‍ നിന്നതിനെ തുടര്‍ന്നാണ് ദാരുണാന്ത്യമുണ്ടായത്. നിര്‍ജലീകരണത്തെയും മറ്റ് അസ്വസ്ഥതകളെയും തുടര്‍ന്ന് അമ്പതോളം പേർ ചികില്‍സയിലാണ്. 42 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോഴായിരുന്നു പ്രതിരോധ നടപടികൾ സ്വീകരിക്കാതെ പരിപാടി സംഘടിപ്പിച്ചത്.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്നവരുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വ്യക്തമാക്കി.
എന്നാൽ വിഷയത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 42 ഡിഗ്രി ചൂട് വകവയ്ക്കാതെ പരിപാടിയിൽ മണിക്കൂറുകളോളം തന്നെ കാത്തിരിക്കുന്നവരെ അമിത് ഷാ അഭിന്ദിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.