ജോഡോ യാത്ര നാളെ പുനരാരംഭിക്കും; കനത്ത സുരക്ഷ നൽ‍കുമെന്ന് പൊലീസ്


രാഹുൽ‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കുമെന്ന് കോണ്‍ഗ്രസ്. രാവിലെ ഒന്‍പത് മണിക്ക് അനന്ത്‌നാഗിൽ‍ നിന്നാണ് യാത്ര പുനരാരംഭിക്കുക. യാത്രയ്ക്ക് കനത്ത സുരക്ഷ നൽ‍കുമെന്ന് കാശ്മീർ‍ പൊലീസ് അറിയിച്ചു. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോൺഗ്രസ് നിർ‍ത്തിവച്ചത്. എന്നാൽ‍ കോൺഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മുകാശ്മീർ‍ പൊലീസ് രംഗത്തെത്തി. യാത്രയ്ക്ക് നൽ‍കേണ്ട സുരക്ഷയിൽ‍ വീഴ്ചയുണ്ടായിട്ടില്ല. 15 കമ്പനി സിആർ‍പിഎഫിനെയും 10 കമ്പനി കാശ്മീർ‍ പൊലീസിനെയും വിന്യസിച്ചിരുന്നു. വലിയ ആൾ‍ക്കൂട്ടത്തെ യാത്രയിൽ‍ ഉൾ‍പ്പെടുത്തിയ വിവരം കോൺ‍ഗ്രസ് നേതൃത്വം പൊലീസിനെ അറിയിച്ചില്ല. യാത്ര നിർ‍ത്തുന്നതിന് മുന്‍പ് പൊലീസിനോട് ചർ‍ച്ച ചെയ്തില്ലെന്നും പൊലീസ് പറഞ്ഞിരുന്നു. 

കാശ്മീരിൽ‍ ഭാരത് ജോഡോ യാത്ര തുടങ്ങിയതിന് പിന്നാലെ നർ‍വാളിലെ ട്രാൻസ്‌പോർ‍ട്ട് നഗറിലെ ഏഴാം നമ്പർ‍ യാർ‍ഡിൽ‍ ഇരട്ട സ്‌ഫോടനമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാഹുൽ‍ ഗാന്ധിയുടെ സുരക്ഷ കൂട്ടിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ‍ ഏഴിന് കന്യാകുമാരിയിൽ‍ നിന്നായിരുന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. അഞ്ച് മാസം വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ മാസം 30ന് ശ്രീനഗറിൽ‍ സമാപിക്കുന്നത്. 117 സ്ഥിരം അംഗങ്ങളാണ് രാഹുൽ‍ ഗാന്ധിക്കൊപ്പം യാത്രയിൽ‍ പങ്കെടുക്കുന്നത്. രണ്ട് ഡസനോളം ദേശീയ പാർ‍ട്ടികളുടെ നേതാക്കൾ‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മെഗാ റാലിയോടെയാണ് യാത്ര സമാപിക്കുക.

article-image

dghfhcf

You might also like

Most Viewed