ബംഗാളിലെ സർക്കാർ സ്‌കൂളുകളിൽ നാല് മാസത്തേക്ക്‍ ഉച്ചഭക്ഷണത്തിൽ ചിക്കനും പഴവർഗങ്ങളും

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കനും പഴവർഗങ്ങളും ഉൾപ്പെടുത്താനൊരുങ്ങി പശ്ചിമ ബംഗാൾ സർക്കാർ. ജനുവരി മുതൽ നാല് മാസത്തേക്കാണ് ഉച്ചഭക്ഷണത്തിൽ ചിക്കനും പഴവർഗങ്ങളും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നോടിയായാണ് ഈ തീരുമാനം. അധിക പോഷകാഹാര പദ്ധതിക്കായി 371 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അരി, ഉരുളക്കിഴങ്ങ്, സോയാബീൻ, മുട്ട തുടങ്ങിയ നിലവിലെ ഉച്ചഭക്ഷണ മെനുവിന് പുറമെയാണ് പോഷകാഹാരത്തിനായി ആഴ്ച്ചയിലൊരിക്കൽ ചിക്കൻ, സീസണൽ പഴങ്ങൾ എന്നിവ നൽകുമെന്ന് അറിയിപ്പിൽ പറയുന്നത്. ഓരോ വിദ്യാർത്ഥിക്കും അധിക പോഷകാഹാരത്തിനായി ആഴ്ച്ചയിലൊരിക്കൽ 20 രൂപ ചെലവഴിക്കും. ജനുവരി 3ലെ വിജ്ഞാപനം അനുസരിച്ച് ഇത് 16 ആഴ്ച്ചത്തേക്ക് തുടരും.
സംസ്ഥാന എയ്ഡഡ് സ്‌കൂളിലെ 1.16 കോടിയിലധികം വിദ്യാർത്ഥികൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇതിനായി സംസ്ഥാനവും കേന്ദ്രവും 60:40 അനുപാതത്തിലാണ് ചെലവ് വഹിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌കൂൾ കുട്ടികൾക്ക് ചിക്കൻ വിളമ്പാനുള്ള തീരുമാനത്തെ ബിജെപി പരിഹസിച്ചു. വോട്ട് മാത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് ബിജെപി നേതാവ് രാഹുൽ സിൻഹ വിമർശിച്ചു.
e46e6