10% മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103ആം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103ആം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103ആം ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.
2019 ജനുവരിയിൽ ഭരണഘടനയുടെ 15, 16 അനുഛേദങ്ങൾ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹർജികളാണ് കോടതി പരിഗണിച്ചത്.
സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അതിനാൽ സാമ്പത്തികം മാത്രം മാനദണ്ഡമാക്കി സംവരണം നൽകാൻ കഴിയില്ല. സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.
സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്നായിരുന്നു കോടതിയിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണത്തിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാൽ സാമ്പത്തിക സംവരണത്തിൽ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സർക്കാർ വാദിച്ചു. സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദമാണ് ഹർജികളിൽ നടന്നത്. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഉൾപ്പെടെ പങ്കാളിയായി.