സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ 105ആം വയസ്സിൽ വിട പറഞ്ഞു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ എന്ന ഖ്യാതി സ്വന്തമാക്കിയ ഹിമാചൽ പ്രദേശ് സ്വദേശി ശ്യാം സരൺ നേഗി(105) അന്തരിച്ചു. ജനാധിപത്യത്തിന്‍റെ മുഖമായ നേഗി, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തി ദിവസങ്ങൾക്കകമാണ് വിടവാങ്ങിയത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച രാവിലെ കിന്നൗർ ജില്ലയിലെ കൽപാ ഗ്രാമത്തിലെ വസതിയിൽ വച്ച് മരണം സംഭവിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബ്രാൻഡ് അംബാസഡറായ നേഗി, സ്വാതന്ത്ര്യാനന്തരം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയ വ്യക്തിയാണ്. 1951−ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഹിമാചൽ പ്രദേശിലെ വോട്ടിംഗ് പ്രക്രിയ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്ത് നേരത്തെ നടത്താൻ തീരുമാനിച്ചതാണ് നേഗിയെ വിശേഷപ്പെട്ട നേട്ടത്തിന് ഉടമയാകാൻ സഹായിച്ചത്.
1951 ഒക്ടോബർ 23−ന് ഹിമാചലിലെ പോളിംഗ് ബൂത്തിൽ ആദ്യ വോട്ടറായി നേഗി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി. അധ്യാപകനായ തനിക്ക് മറ്റൊരു പോളിംഗ് സ്റ്റേഷനിൽ ഡ്യൂട്ടി നൽകപ്പെട്ടതിനാൽ നേരത്തെ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന നേഗിയുടെ അവശ്യം കൽപയിലെ പോളിംഗ് അധികൃതർ അംഗീകരിച്ചതോടെയാണ് അദേഹം ആദ്യ വോട്ടറായത്.
2003 വരെ ചരിത്ര നേട്ടം ആരെയും അറിയിക്കാതെ ജീവിച്ച “മാസ്റ്റർജി’യെ സന്ദർശിച്ച ഐഎഎസ് ഉദ്യോഗസ്ഥയോട് നടത്തിയ വെളിപ്പെടുത്തലാണ് അദേഹത്തെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. രേഖകൾ പരിശോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തെ ആദ്യ വോട്ടറെന്ന നേഗിയുടെ അവകാശവാദം തെളിവുകളുടെ അടിസ്ഥാനത്തിൽ 2007−ൽ അംഗീകരിച്ചു. 2012−ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ നേഗിയെ വസതിയിലെത്തി ആദരിച്ചിരുന്നു. 34 തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത നേഗിയുടെ സംസ്കാര ശുശ്രൂഷകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് ഹിമാചൽ സർക്കാർ അറിയിച്ചു.
wy6eru