എൻസിപി ദേശീയ സമ്മേളനത്തിൽ നിന്ന് അജിത് പവാർ ഇറങ്ങിപ്പോയി

എൻസിപി ദേശീയ സമ്മേളനത്തിൽ നിന്ന് മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അജിത് പവാർ ഇറങ്ങിപ്പോയതായി റിപ്പോർട്ടുകൾ. എൻസിപി നേതാവ് ജയന്ത് പാട്ടീലിനെ പ്രസംഗിക്കാൻ വിളിച്ചതിന് തൊട്ടുപിന്നാലെയാണ് അജിത് പവാർ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോയത്. സംസാരിക്കാൻ അവസരം നൽകാത്തതിലുള്ള പ്രതിഷേധത്തിലാണ് അജിത് പവാർ ഇറങ്ങിപ്പോയതെന്നാണ് അഭ്യൂഹങ്ങൾ. ഇതോടെ നാടകീയ സംഭവങ്ങൾക്കാണ് എൻസിപി ദേശീയ സമ്മേളനം സാക്ഷ്യം വഹിച്ചത്. പാർട്ടിയിലെ ഭിന്നിപ്പാണ് ഇത് പ്രകടമാക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു.
ജയന്ത് പാട്ടീലിന്റെ പ്രസംഗത്തിന് ശേഷം സംസാരിക്കാനായി അജിത് പവാറിനെ വിളിച്ചെങ്കിലും അദ്ദേഹം സ്റ്റേജിലെത്തിയില്ല. തുടക്കത്തിൽ പാട്ടീൽ സംസാരിക്കാൻ താൽപ്പര്യം കാണിച്ചിരുന്നില്ല. പിന്നീട് വേദിയിലെത്തി പ്രസംഗം ആരംഭിച്ചു. പാർട്ടി പ്രവർത്തകർ അജിത് പവാറിന്റെ പ്രസംഗത്തിനായി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം വേദി വിട്ടു പോയത്. ശുചിമുറിയിൽ പോയതാണെന്നും ഉടനെ വരുമെന്നും വരുമെന്നും പ്രഫുൽ പട്ടേൽ മൈക്കിലൂടെ വിളിച്ചു പറഞ്ഞിരുന്നു. ഇതേസമയം, എൻസിപി എംപിയായ സുപ്രിയ സുലേ പിന്നാലെ പോയി. അജിത് പവാറിനെ അനുനയിപ്പിച്ച് വേദിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും ശരദ് പവാർ നന്ദി പ്രസംഗം ആരംഭിച്ചിരുന്നു. അതിനാൽ അജിത് പവാറിന് പ്രസംഗിക്കാൻ കഴിഞ്ഞില്ല. പാർട്ടിയുടെ ദ്വിദിന സമ്മേളനം അവസാനിക്കും വരെ അദ്ദേഹത്തിന് സംസാരിക്കാൻ സാധിച്ചില്ല.
∍ദേശീയ കൺവെൻഷനിൽ സംസാരിക്കുന്നത് കേൾക്കാൻ എല്ലാവർക്കും ആകാംക്ഷയുണ്ടായിരുന്നു. ഞാൻ മഹാരാഷ്ട്രയിൽ സംസാരിക്കും,∍ മാധ്യമപ്രവർത്തകരുടെ ഇതേ കുറിച്ചുള്ള ചോദ്യത്തിന് അജിത് പവാർ മറുപടി നൽകി. ശനിയാഴ്ച നടന്ന പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ ശരദ് പവാറിനെ എന്‍സിപിയുടെ പ്രസിഡന്റായി വീണ്ടും എതിരില്ലാതെ തെരഞ്ഞടുത്തിരുന്നു. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിയിൽ നിന്ന് അജിത് പവാറാണ് നിലവിൽ പ്രതിപക്ഷ നേതാവ്.
sdr