രാജസ്ഥാനിലെ ക്ഷേത്രത്തിൽ തിക്കുംതിരക്കും; മൂന്ന് സ്ത്രീകൾ മരിച്ചു

രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലുണ്ടയ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ മരിച്ചു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റു. തിരക്കിനിടയിൽ പ്രായമായൊരു സ്ത്രി കുഴഞ്ഞുവീണതാണ് പിന്നിലുള്ള മറ്റുള്ളവരും വീഴാൻ കാരണമായത്.തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. പരുക്കേറ്റവരെ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണം വിട്ടതിനെ തുടർന്നാണ് അപകടം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് വളരെ പ്രാധാന്യമുള്ള ∍ഗ്യാറസ്∍ പ്രമാണിച്ചാണ് ആളുകൾ ഒത്തുകൂടിയത്ത്.
പുലർച്ചെ നാലരയോടെയാണ് ക്ഷേത്രം തുറന്നത്, തുടർന്ന് ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതാണ് ജനത്തിരക്ക് വർദ്ധിക്കാൻ കാരണമായത്.പ്രധാനമന്ത്രിയും മുഖ്യമന്ത്രി അശോക് ഗെലോട്ടും അനുശോചനം അറിയിച്ചു. ഖാട്ടു ശ്യാം ജി ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 115 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.