കോൺഗ്രസ് വിട്ട് കപിൽ സിബൽ; സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിലേക്ക്

മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ സമാജ്‌വാദി പാർട്ടിയിലേക്ക്. എസ്പി പിന്തുണയോടെ സിബൽ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉടൻ തന്നെ അദ്ദേഹം എസ്പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ സാന്നിധ്യത്തിലായിരുന്നു സിബൽ പത്രിക സമർപ്പിച്ചത്. താൻ ഈ മാസം 16ന് കോൺഗ്രസ് വിട്ടതാണെന്നും രാജ്യസഭയിൽ വേറിട്ട ശബ്ദമാകാനാണ് ആഗ്രഹമെന്നും സിബൽ പറഞ്ഞു.
കപിൽ സിബൽ മികച്ച അഭിഭാഷകനും രാഷ്ട്രീയക്കാരനുമാണ്. രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം രാജ്യസഭയിൽ ഫലപ്രദമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഖിലേഷ് യാദവും പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തോട് കലഹിച്ചിരുന്ന ജി23 നേതാക്കളിൽ ഒരാളായിരുന്നു കപിൽ സിബൽ. കോൺഗ്രസ് പുനരുജ്ജീവനം ലക്ഷ്യം വെച്ച് രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന ചിന്തൻ ശിബിരിലും സിബൽ പങ്കെടുത്തിരുന്നില്ല.