ജില്ലയ്ക്ക് അംബേദ്കറുടെ പേര്; ആന്ധ്രയിൽ പ്രതിഷേധം

ആന്ധ്രാപ്രദേശിൽ ജില്ലയുടെ പേര് മാറ്റിയതിനെ തുടർന്ന് വൻ പ്രതിഷേധം. കൊസസീമ ജില്ലയുടെ പേർ അംബേദ്കർ കൊസസീമ എന്ന് പുനർനാമകരണം ചെയ്തതിനെതിരെയാണ് ആക്രമണങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെ മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. മന്ത്രിയുടെ വീടിന് പുറമെ എംഎൽഎ പൊന്നാട സതീഷിന്റെയും വീടിന് പ്രതിഷേധക്കാർ തീയിട്ടു. പൊലീസിന്റെ നിർദ്ദേശത്തെ തുടർന്ന് മന്ത്രിയുടെയും എംഎൽഎയുടെയും കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
ആന്ധ്രാ സർക്കാരിന്റെ മൂന്ന് ബസ്സും പ്രതിഷേധക്കാർ കത്തിച്ചു. പ്രതിഷേധം തടയാനെത്തിയ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ 20ലധികം പൊലീസുകാർക്ക് പരിക്കേറ്റു എന്നതാണ് റിപ്പോർട്ട്.സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാനും പ്രതിഷേധക്കാരെ എത്രയും വേഗം നിയമത്തിന് മുമ്പിൽ കൊണ്ടുവരാനും സംസ്ഥാന ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. ഇന്നലെ ജില്ലാ കളക്ടറുടെ കാര്യാലയവും ആയിരകണക്കിന് പ്രതിഷേധക്കാർ ഉപരോധിച്ചിരുന്നു. പ്രതിഷേധക്കാരെ തടയുന്നതിനായി പൊലീസ് ലാത്തി ചാർജ് പ്രയോഗിച്ചു. എന്നാൽ പൊലീസിനെതിരെ കല്ലെറിഞ്ഞ് ഇവർ പ്രതിഷേധം ശക്തമാക്കി.
ഏപ്രിൽ 4 ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി സംസ്ഥാനത്ത് പുതിയ പതിമൂന്ന് ജില്ലകൾ പ്രഖ്യാപിച്ചത്. പഴയ കിഴക്കൻ ഗോദാവരിയിൽ നിന്ന് പുതിയ കൊസസീമ ജില്ല രൂപീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, സംസ്ഥാന സർക്കാർ കോണസീമയെ ബി ആർ അംബേദ്കർ കൊസസീമ ജില്ലയായി പുനർനാമകരണം ചെയ്യ്തിരുന്നു. പട്ടികജാതി വിഭാഗം കൂടുതലുള്ള ജില്ലയായതിനാലാണ് ഈ ജില്ലക്ക് ബി ആർ അംബേദ്കർ കൊസസീമ എന്ന് പേര് നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേരിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോനസീമ പരിരക്ഷണ സമിതിയാണ് പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ചത്.