നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം വേഗത്തിൽ നൽകേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് നിർദേശം

നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിൽ നൽകേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് നിർദേശം. അന്വേഷണത്തിനായി കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെടും. കേസ് വേഗത്തിൽ തീർക്കാൻ സമ്മർദമുണ്ടെന്ന അതിജീവിതയുടെ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിർദേശമെന്നാണ് സൂചന. കേസിലെ തെളിവുകൾ പൂർണമായും ശേഖരിച്ച ശേഷം മാത്രം കുറ്റപത്രം നൽകിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി കോടതി ഇന്നാണ് പരിഗണിക്കുന്നത്. സർക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട് കോടതി തേടിയേക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നടൻ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നുൾപ്പെടെ ആരോപിച്ചാണ് അതിജീവിത കോടതി മുന്‍പാകെ പരാതി സമർപ്പിച്ചത്. രാഷ്ട്രീയ സമ്മർദത്തിന്റെ പേരിൽ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടി പറയുന്നത്.
കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാന്‍ നീക്കം നടക്കുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കിയത് അതിജീവിത പരാതിയിലൂടെ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്റ്റഡിയിലുള്ള ദൃശ്യം ചോർന്നതിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള താത്പര്യമാണ് വിചാരണ കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് രാഷ്ട്രീയ ബന്ധമാണെന്നും ഹർജിയിൽ പറയുന്നു.