ലക്ഷദ്വീപിൽ വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം

ലക്ഷദ്വീപിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ യൂണിഫോം പരിഷ്‌കരിക്കാൻ നടപടികളുമായി കേന്ദ്രം. എന്നാൽ, ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് എസ്‌കെഎസ്എസ്എഫും എസ്ഡിപിഐയും. പരിഷ്‌കരണം ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം.
അതേസമയം, അടുത്ത അധ്യയന വർഷം നടപ്പിൽ വരുന്ന യൂണിഫോം പരിഷ്‌കരണത്തിനായി ദ്വീപ് ഭരണകൂടം ടെൻഡർ വിളിച്ചു. പ്രീ സ്‌കൂൾ മുതൽ അഞ്ചാം ക്ലാസ് വരെ ആൺകുട്ടികൾക്ക് ട്രൗസറും ഹാഫ് കൈ ഷർട്ടുമാണ് പുതിയ യൂണിഫോം. ആറുമുതൽ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികൾക്ക് പാന്റ്‌സും ഹാഫ് കൈ ഷർട്ടുമാണ് പുതിയ നിർദ്ദേശത്തിലുള്ളത്. പെൺകുട്ടികൾക്ക് പ്രീ സ്‌കൂൾ മുതൽ പ്ലസ് ടു വരെ ഹാഫ് പാവാടയും ഹാഫ് കൈ ഷർട്ടുമാണ് പരിഷ്‌കാരത്തിലുള്ളത്.
അടുത്ത വർഷം മുതൽ, റെഡിമെയ്ഡ് യൂണിഫോം വിതരണം ചെയ്യാനാണ് ഭരണകൂടത്തിന്റെ നീക്കം. പതിമൂവായിരം വിദ്യാർത്ഥികളുള്ള ദ്വീപിൽ, ആറായിരത്തിലേറെയും പെൺകുട്ടികളാണ്. എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോമിന്റെ ഭാഗമായി ടൈയ്യും ബെൽറ്റും കൂടി വരുന്ന രീതിയിലാണ് പരിഷ്‌കരണം. നിലവിലെ യൂണിഫോമിന്റെ നിറത്തിലും മാറ്റമുണ്ട്. നേരത്തെ വെള്ളയും നീലയുമായിരുന്ന യൂണിഫോം പരിഷ്‌കരണത്തോടെ ആകാശ നീലയും കടും നീലയുമായി മാറും.
അതേസമയം, ദ്വീപിലെ 96 ശതമാനത്തിലധികം വരുന്ന ജനതയുടെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന പരിഷ്‌കാരങ്ങൾ വംശീയതയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല വിമർശിച്ചു. ‘ലക്ഷദ്വീപിനെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ തുടർച്ചയാണിത്. ദ്വീപിൽ അധിവസിക്കുന്ന ജനതയുടെ വിദ്യാഭ്യാസം പൂർണമായും തടസ്സപ്പെടുത്താനേ പുതിയ പരിഷ്‌കാരങ്ങൾ ഉപകരിക്കുകയുള്ളൂ’ എന്നും അവർ പറഞ്ഞു.
ഇതിനിടെ, പരിഷ്‌കരണ നീക്കത്തിനെതിരെ എസ്‌കെഎസ്എസ്എഫും രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ദ്വീപിലെ സംസ്‌കാരത്തിന് മേലുള്ള ആക്രമണമാണ് നീക്കമെന്നും വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തെ ഇത് തടയുമെന്നും എസ്‌കെഎസ്എസ്എഫ് ചൂണ്ടിക്കാണിച്ചു. ദ്വീപിലെ ജനസമൂഹത്തിന്റെ വികാരത്തെ മാനിക്കാത്ത നീക്കങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും തുടർച്ചയായി ഉണ്ടാവുന്നതെന്നും അവർ ആരോപിച്ചു.