കൂടൽ‍മാണിക്യം ക്ഷേത്രത്തിൽ അവഗണിക്കപ്പെട്ട നർത്തകി മൻസിയക്ക് വേദിയൊരുക്കി ഡിവൈഎഫ്ഐ


കൂടൽ‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോൽ‍സവത്തിൽ‍ നിന്ന് വിലക്കേർപ്പെടുത്തിയ നർത്തകി മൻസിയക്ക് വേദിയൊരുക്കി നൽകി ഡിവൈഎഫ്ഐ. നൃത്തപരിപാടി അവതരിപ്പിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി ഇരുണ്ടകാലത്തെ അവശിഷ്ടങ്ങൾ പേറലാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇരിങ്ങാലക്കുടയിലാണ് മൻസിയക്കായി വേദിയൊരുക്കിയത്. ന‍ൃത്തപരിപാടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 

ആയിരങ്ങളാണ് മൻസിയയുടെ നൃത്ത പരിപാടി കാണാനായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച സാംസ്കാരിക സദസിലേക്ക് എത്തിയത്. കലയ്ക്ക് മതപരമായ വേർതിരിവ് സൃഷ്ടിക്കുന്ന ഇത്തരം സംഭവങ്ങൾ സാംസ്കാരിക കേരളത്തിന് അങ്ങേയറ്റം അപമാനകരമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. 

ശാസ്ത്രീയ നൃത്തരൂപങ്ങൾ‍ സ്വായത്തമാക്കിയത് കൊണ്ട് മത യഥാസ്ഥിതികരിൽ‍ നിന്ന് നേരത്തേ കനത്ത എതിർ‍പ്പുകൾ‍ മൻസിയ നേരിട്ടുണ്ട്. സാമൂഹ്യ പരിവർത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്. അന്ധവിശ്വാസങ്ങളെ അകറ്റി നിർ‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു ഇടങ്ങളെ മതേതരമായ കലാ സാംസ്‌കാരിക കൂട്ടായ്മകൾ‍ക്കുള്ള വേദിയാക്കി മാറ്റണമെന്നും ഡിവൈഎഫ്ഐ നേരത്തെ പറഞ്ഞിരുന്നു. 

ഹൈന്ദവരായ കലാകാരന്മാർ‍ക്കാണ് പരിപാടി അവതരിപ്പിക്കാൻ അവസരം എന്ന് വ്യക്തമായിയാണ് പത്രപരസ്യം എന്നായിരുന്നു സംഭവത്തിൽ‍ കൂടൽ‍മാണിക്യം ദേവസ്വം ചെയർ‍മാന്റെ വിശദീകരണം. പരിപാടിക്കായി എഗ്രിമെന്റ് ഉണ്ടാക്കുന്ന സമയത്താണ് നർ‍ത്തകി തന്റെ പശ്ചാത്തലം വെളിപ്പെടുത്തുന്നതും മതമില്ലാതെയാണ് ജീവിക്കുന്നത് എന്ന് അറിയിക്കുന്നതും. ക്ഷേത്ര മതിലിനകത്തെ കൂത്തമ്പലത്തിലാണ് പരിപാടി നടന്നത്. ആചാരനുഷ്ടാനങ്ങൾ‍ പ്രകാരം ക്ഷേത്രത്തിനകത്ത് അഹിന്ദുക്കൾ‍ക്ക് പ്രവേശനമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഏപ്രിൽ‍ 21ന് ആറാം ഉത്സവദിനത്തിൽ‍ ഉച്ചക്കുശേഷം നാലുമുതൽ‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിലടക്കം പേർ അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികൾ‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. ഇരിങ്ങാലക്കുടയിൽ നടന്ന സാംസ്കാരിക സദസിൽ ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറി വി.കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, കവി പിഎൻ ഗോപീകൃഷ്ണൻ, എഴുത്തുകാരി രേണു രാമനാഥൻ തുടങ്ങിയവർ സംസാരിച്ചു.

You might also like

Most Viewed