വിവാഹസദ്യ നൽ‍കാത്തതിന്റെ പേരിൽ കുടുംബത്തിന് സാമൂഹ്യ ബഹിഷ്കരണം


തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ മഡികുണ്ട ഗ്രാമത്തിൽ‍ വിവാഹ സദ്യ നൽ‍കാത്തത്തിന്റെ പേരിൽ ഒരു കുടുംബത്തിന് സാമൂഹ്യ ബഹിഷ്‌കരണം. എല്ലാവരും ഒറ്റപ്പെടുത്തുന്നതിനാൽ ആത്മഹത്യയുടെ വക്കിലാണെന്നും ബഹിഷ്‌കരണം പിൻ‍വലിക്കണമെന്നും കുടുംബനാഥനായ പൊഷയിഹ പറയുന്നു. വിവരമറിഞ്ഞ പൊലീസ് ഗ്രാമ മുഖ്യനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

ഒരു വർ‍ഷം മുമ്പ് വീട്ടുകാരുടെ സമ്മതമില്ലാതെ പൊഷയിഹായുടെ മകൾ‍ തന്‍റെ കാമുകനെ വിവാഹം കഴിച്ചിരുന്നു. തുടർന്ന് പൊഷയിഹായുടെ കുടുംബം മകളുമായി അകന്നു. മാസങ്ങൾക്ക് ശേഷം പിണക്കമെല്ലാം പറഞ്ഞുതീർത്ത് പൊഷയിഹ മകളെയും ഭർ‍ത്താവിനെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇതറിഞ്ഞ ഗ്രാമവാസികൾ മകളുടെ വിവാഹ സദ്യ ഒരുക്കണമെന്ന് പൊഷയിഹയോട് ആവശ്യപ്പെട്ടു. എന്നാൽ‍ അദ്ദേഹം ഇതിന് തയ്യാറായില്ല. പണമില്ലെന്ന് പറഞ്ഞ് ഗ്രാമവാസികളെ തിരിച്ചയയ്ക്കുകയും ചെയ്തു.

ഗൾ‍ഫിൽ‍ ജോലിചെയ്‌തിരുന്ന പൊഷയിഹായുടെ മകൻ‍ നാട്ടിൽ‍ തിരിച്ചു വന്നപ്പോൾ‍ വിവാഹ സദ്യ എന്ന ആവശ്യവുമായി കുടുംബത്തെ വീണ്ടും ഗ്രാമവാസികൾ സമീപിച്ചു. എന്നാൽ‍ അപ്പോഴും പൊഷയിഹായുടെ കുടുംബം സൽക്കാരത്തിന് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് നാട്ടിലെ ഒരു ആഘോഷങ്ങൾ‍ക്കും ക്ഷണിക്കാതെ പൊഷയിഹായുടെ കുടുംബത്തിന് സമൂഹ്യ ബഹിഷ്‌കരണം ഏർപ്പെടുത്തിയത്. ഇത് ലംഘിച്ചാൽ‍ 10,000 രൂപ പിഴ അടക്കണമെന്നാണ് ഗ്രാമത്തിലെ നിയമം.

You might also like

Most Viewed