ആന്ധ്രാപ്രദേശിൽ മന്ത്രിസഭ പിരിച്ചുവിട്ടു; പുതിയ മന്ത്രിസഭ ഉടൻ


മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്നോടിയായി ആന്ധ്രാപ്രദേശിൽ മന്ത്രിസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി. ഇന്ന് ഉച്ചയ്ക്കുശേഷം ചേർന്ന മന്ത്രിസഭാ യോഗത്തിൽ 24 മന്ത്രിമാരും ജഗൻമോഹൻ റെഡ്ഡിക്കു മുൻപാകെ രാജി സമർപ്പിച്ചു. വൈസ്.എസ് സർക്കാർ ഏകദേശം മൂന്നു വർഷം പിന്നിടാനിരിക്കെയാണ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നീക്കം നടക്കുന്നത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭ അധികാരമേൽക്കുമെന്നാണ് വിവരം. 

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഗവർണർ ബിശ്വ ഭൂഷനുമായി വൈ.എസ് ജഗൻമോഹൻ റെഡ്ഡി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 മേയ് 30നാണ് ജഗൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിസഭ സമ്പൂർണമായി പുനഃസംഘടിപ്പിക്കുമെന്ന് അന്ന് റെഡ്ഡി അറിയിച്ചിരുന്നു. 2021 ഡിസംബറിൽ പുനഃസംഘടന നടത്താനായിരുന്നു പദ്ധതിയെങ്കിലും കോവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 175 അംഗ നിയമസഭയിൽ 151 സീറ്റുമായാണ് ജഗൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി ഭരണത്തിലേറിയത്.

You might also like

  • Straight Forward

Most Viewed