'ചൈനയുടെ തീരുമാനം അംഗീകരിക്കാനാവില്ല'; സേന പിന്മാറ്റം അനിവാര്യമെന്ന് ഇന്ത്യ
ഇന്ത്യ- ചൈന ബന്ധം നിലവില്‍ സാധാരണ നിലയില്‍ അല്ല മുന്നോട്ടു പോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തിയില്‍ നിന്നുള്ള ചൈനയുടെ സേന പിന്മാറ്റത്തിന് വേഗത കൂട്ടണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിര്‍ത്തിയിലേക്ക് വന്‍തോതില്‍ സൈനികരെ വിന്യസിച്ചുകൊണ്ടുള്ള നടപടി അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
'1993- 96 ലെ കരാറുകള്‍ക്ക് വിരുദ്ധമായി ചൈന വന്‍തോതില്‍ അതിര്‍ത്തിയിലേക്ക് സൈനികരെ വിന്യസിച്ചത് അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. ഏകദേശം മൂന്ന് മണിക്കൂറോളം ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. 2020 ഏപ്രിലില്‍ ചൈനീസ് നടപടികളുടെ ഫലമായി തകര്‍ന്ന ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചു.', എസ് ജയശങ്കര്‍ പറഞ്ഞു.ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കപ്പെടേണ്ടതിന് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല, വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

