ഒമാൻ വിദേശകാര്യ മന്ത്രി ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തി
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് ഹമൂദ് അൽ ബുസൈദി ദ്വിദിന സന്ദർശനത്തിന് ഇന്ത്യയിലെത്തി. വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കറുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇന്ത്യയും ഒമാനും ഒരു ധാരണാപത്രത്തിൽ ഒപ്പുവെയ്‍ക്കുകയും ചെയ്‍തു. ശാസ്‍ത്ര സാങ്കേതിക രംഗത്താണ് ഇന്ത്യയും ഒമാനും ധാരണാപത്രം ഒപ്പുവച്ചത്. രണ്ടു രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ പുരോഗതി വിദേശകാര്യ മന്ത്രിമാർ ബുധനാഴ്ച വിലയിരുത്തി. സമുദ്ര അതിർത്തിയിലെ അയൽക്കാരെന്ന നിലയിൽ മേഖലയിലൂടെയുള്ള സമുദ്ര ഗതാഗത സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.
രാഷ്‍ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊർജം, ശാസ്‍ത്ര സാങ്കേതികം, ബഹിരാകാശം, റെയർ എർത്ത് എന്നിങ്ങനെയുള്ള മേഖലകളിലും ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിച്ചും വർധിച്ചുവരുന്ന സഹകരണത്തെക്കുറിച്ച് ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കർ ട്വീറ്റ് ചെയ്‍തു.

