പടിയിറങ്ങും മുൻപ് സി.ബി.ഐ വലയിൽ; 169 കോടിയുടെ തട്ടിപ്പിൽ ഹരിയാണയിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ


ഷീബ വിജയൻ

ചണ്ഡീഗഡ്: ഹരിയാണ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (എച്ച്.എസ്.പി.സി.ബി) 169 കോടി രൂപയുടെ സർക്കാർ ഫണ്ട് തട്ടിപ്പുകേസിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാന പ്രവൃത്തി ദിവസമാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ബി.ഐയുടെ അന്വേഷണ പ്രകാരം, എച്ച്.എസ്.പി.സി.ബിയുടെ മെമ്പർ സെക്രട്ടറിയായിരിക്കെ സ്ഥിരനിക്ഷേപം തുടങ്ങാനെന്ന വ്യാജേന, അനുമതിയില്ലാതെ 169 കോടി രൂപയുടെ സർക്കാർ ഫണ്ട് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിലേക്ക് മാറ്റിയെന്നാണ് പ്രദീപ് കുമാറിനെതിരായ ആരോപണം. എന്നാൽ ഈ തുക ഉപയോഗിച്ച് സ്ഥിര നിക്ഷേപം തുടങ്ങിയിരുന്നില്ല. പകരം വ്യാജ രേഖകളിലൂടെ പണം തട്ടിയെടുത്തെന്നും സി.ബി.ഐ ആരോപിക്കുന്നു. ഇതുമൂലം ബോർഡിന് ഏകദേശം 169 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഹരിയാണയിലെ സർക്കാർ വകുപ്പിന് ബാങ്കിങ് തട്ടിപ്പിലൂടെയുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണിതെന്നും സി.ബി.ഐ വ്യക്തമാക്കി.

ഹരിയാണയിലെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് മൊത്തം 504 കോടി രൂപ തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന വലിയ ബാങ്ക് തട്ടിപ്പുകേസിന്റെ ഭാഗമാണ് ഈ കേസ്. വ്യാജ സ്ഥിര നിക്ഷേപങ്ങളിലൂടെ പണം തട്ടിയെടുത്ത് ഷെൽ കമ്പനികൾ വഴി മാറ്റുകയായിരുന്നു ഇവരുടെ രീതി. കേസിൽ മുൻ ബാങ്ക് ഉദ്യോഗസ്ഥരടക്കം 17 പേർക്കെതിരെ ഇതിനകം കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രദീപ് കുമാറിന് പുറമെ രണ്ട് മുൻ ബാങ്ക് ഉദ്യോഗസ്ഥരെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാണ വിജിലൻസിൽ നിന്നാണ് സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ചണ്ഡീഗഡ് സ്മാർട്ട് സിറ്റി ലിമിറ്റഡ് (സി.എസ്‍.സി.എൽ), ക്രെസ്റ്റ് എന്നീ സ്ഥാപനങ്ങളിലെ തട്ടിപ്പുകളും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാലും ഒളിവിൽ കഴിയാൻ ശ്രമിച്ചതിനാലുമാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് സി.ബി.ഐ അറിയിച്ചു. പ്രദീപ് കുമാർ പഞ്ച്കുല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. കേസിൽ കൂടുതൽ ഉദ്യോഗസ്ഥരുടെയും ബാങ്ക് ജീവനക്കാരുടെയും പങ്ക് അന്വേഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

article-image

asasdasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed