റിപ്പബ്ലിക് ദിനത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് സൂര്യനമസ്കാരപരിപാടി


റിപ്പബ്ലിക് ദിനത്തിൽ ദേശീയ യോഗാസന സ്പോർട്സ് ഫെഡറേഷൻ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന സൂര്യനമസ്കാര പരിപാടിയിൽ പങ്കെടുക്കണമെന്ന് സർവകലാശാലകൾക്കും കോളേജുകൾക്കും യു.ജി.സി നിർദേശം. ഫെഡറേഷൻ ത്രിവർണപതാകയ്ക്കുമുന്നിൽ സംഗീത സൂര്യനമസ്കാരപരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈസമയം കലാലയങ്ങളിൽ വിദ്യാർത്ഥികൾ യോഗ ചെയ്യണമെന്നാണ് നിർദേശം. പരിപാടിക്ക് പ്രചാരണം നൽകണമെന്നും ആവശ്യപ്പെട്ടു.

പുതുമോടിയിലുള്ള രാജ്പഥിൽ ഇത്തവണ റിപ്പബ്ലിക് ദിനാഘോഷം കാഴ്ചയുടെ പൊടിപൂരമാവും. സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികവേളയിൽ വിസ്മയക്കാഴ്ച ഒരുക്കാൻ തിരക്കിട്ട തയ്യാറെടുപ്പുകളാണ് നടക്കുന്നത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ചിരിക്കുകയാണ് രാജ്പഥ്. ബ്രിട്ടീഷ് രൂപകൽപനയിലുള്ള കസേരകളും വെളിച്ചവിതാനവും നടപ്പാതകളുമൊക്കെ ആഘോഷത്തിനായി സജ്ജമായിക്കഴിഞ്ഞു.

രാവിലെ പത്തരയ്ക്ക് സൈനിക പരേഡ് തുടങ്ങും. പരേഡ് പ്രദർശിപ്പിക്കാൻ രാജ്പഥിന്റെ ഇരുവശങ്ങളിലുമായി പത്ത് വലിയ എൽ.ഇ.ഡി. സ്ക്രീനുകൾ സ്ഥാപിക്കും. മുൻവർഷങ്ങളിലെ റിപ്പബ്ലിക് ദിനദൃശ്യങ്ങളും സായുധസേനകളുടെ ഹ്രസ്വചിത്രങ്ങളും ഇതിൽ പ്രദർശിപ്പിക്കും.

രാജ്യത്തിനു വേണ്ടി ജീവൻ ത്യജിച്ച 5000 സൈനികരെ എന്.സി.സി. പ്രത്യേക ചടങ്ങിൽ ആദരിക്കും. രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേക നന്ദിഫലകം കൈമാറും. മൂന്നു സേനകളും ചേർന്നുള്ള അഭ്യാസക്കാഴ്ചയിൽ 75 യുദ്ധവിമാനങ്ങൾ പങ്കെടുക്കും. പോർവിമാനങ്ങളും ഹെലികോപ്റ്ററുകളുമായി 15 ദൃശ്യാവിഷ്കാരം. റഫാൽ, സുഖോയ്, ജാഗ്വർ, മിഗ്−17, സാരംഗ്, അപ്പാച്ചെ, ദക്കോത തുടങ്ങിയ യുദ്ധവിമാനങ്ങളും അണിനിരക്കും. ആഘോഷത്തിനു സമാപനം കുറിക്കുന്ന ബീറ്റിങ് റിട്രീറ്റിൽ 1000 ഡ്രോണുകൾ അണിനിരക്കുന്ന ഷോ. ഡൽഹി ഐ.ഐ.ടിയിലെ പുതുസംരഭമായ ബോട്ട്ലാബ് ഡൈനാമിക്സിന്റെ നേതൃത്വത്തിലാവും ഈ പ്രകടനം.

You might also like

Most Viewed