പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ വിളിച്ചുവരുത്തി അധ്യാപകൻ വിദ്യാർത്ഥിനികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി


മീററ്റ്: പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ സ്കൂളിലേക്ക് വിളിച്ചുവരുത്തിയ 17 വിദ്യാർഥിനികളെ അധ്യാപകൻ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി. അധ്യാപകന്റെ നിർദേശാനുസരണം രാത്രി സമയത്തും സ്കൂളിൽ തങ്ങിയ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികളാണ് പീഡനത്തിനിരയായത്. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.

ക്ലാസിലിരുന്ന വിദ്യാർഥികൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയ ശേഷമായിരുന്നു പീഡനം. നവംബർ 17നാണ് സംഭവം. അന്നുരാത്രി സ്കൂളിൽ തങ്ങിയ കുട്ടികൾ പിറ്റേദിവസമാണ് വീടുകളിൽ തിരിച്ചെത്തിയത്. ക്ലാസിൽ നടന്ന കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വിദ്യാർഥികളെ കൊന്നുകളയുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.സംഭവത്തിൽ സ്കൂൾ ഉടമയായ അധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്കെതിരേ കേസെടുത്തു.

ഇരകളായ രണ്ട് വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്ഥലം എംഎൽഎ പ്രമോദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എംഎൽഎ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുസാഫർനഗർ പോലീസ് അന്വേഷണം ആരംഭിച്ചത് അധ്യാപകനെതിരേയുള്ള ആരോണങ്ങൾ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മുസാഫർനഗർ സീനിയർ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു.

അതേസമയം തുടക്കത്തിൽ പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പുർകാസിപോലീസ് നടപടി സ്വീകരിച്ചില്ലെന്നും സ്കൂൾ അധികൃതരെ സംരക്ഷിച്ചുവെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുർകാസി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

You might also like

Most Viewed